മണിച്ചിത്രത്താഴിന്റെ താക്കോൽ, നാഗവല്ലിക്ക് ശേഷം അവയിൽ സ്പർശിക്കപ്പെട്ട വിരലുകൾ ഗംഗയുടേതാണ്…
മണിച്ചിത്രത്താഴിന്റെ താക്കോൽ, നാഗവല്ലിക്ക് ശേഷം അവയിൽ സ്പർശിക്കപ്പെട്ട വിരലുകൾ ഗംഗയുടേതാണ്…

” മണിച്ചിത്രത്താഴിന്റെ ” താക്കോൽ
എന്താവാൻ… ഞാൻ വാര്യർക്ക് ഒരു പ അങ്ങട് ഇട്ടുകൊടുത്തു.
എന്നിട്ട് വാര്യര് കെടന്നോ?
ഹയ്യ് ! പ ഇട്ടാ കെടക്കയെ . ഞാൻ ആ പ ഇങ്ങട് പിടിച്ചു. എന്നിട്ടൊരു ത അങ്ങടിട്ടു കൊടുത്തു.

ത.. ആത്രേയല്ലേ ഉള്ളൂ. തയ്ക്ക് പിടിച്ചോളൂ. താക്കോലെടുക്കാത്തരുണോദയത്തിൽ താനേ മുഴങ്ങും…
ഹേ നിർത്ത് നിർത്ത്… താക്കോൽ കൊടുക്കാതേന്ന് ചൊല്ലു.
അതേല്ലോ… താക്കോലെടുക്കാ…ത…രു…ണോ..ദ…യ…ത്തി…ൽ…

ഹയ്യ് ! പിന്നേയും ഉണ്ണിത്താനെന്താ താക്കോലെടുക്കാതെ… എന്തായിത്?
എടുത്തിട്ടില്ല അത്രതന്നെ. ശരിക്കും താക്കോൽ എടുത്തിട്ടില്ല. മാടമ്പള്ളിയുടെ മേട പൂട്ടീട്ട് താക്കോലെടുക്കാൻ മറന്നിരിക്കുണ്. ഛേ..

മണിച്ചിത്രത്താഴ് എന്ന കഥ മുന്നോട്ടുപോകുന്പോൾ നമ്മൾ ഈ ഒരു താക്കോലിനെ കുറിച്ച് മറന്നുപോകുന്നുണ്ട്. മാടമ്പള്ളി മേട നമ്മുടെ ഓരോരുത്തരുടെയും ബോധമനസ്സാണ്. ഉണ്ണിത്താൻ പൂട്ടിയിട്ടും എടുക്കാൻ മറന്നുപോയ ആ താക്കോൽ… അത് വീണ്ടെടുക്കാൻ ചെല്ലുമ്പോഴേക്കും വൈകിയിരുന്നു. ആ മേട നമ്മുക്കായ്‌ തുറന്നുകിടന്നു. പിന്നീടൊരിക്കലും ആ വാതിൽ പൂട്ടപ്പെടുന്നില്ല.

ദശാബ്ദങ്ങളായി പൂട്ടിക്കിടന്ന നാഗവല്ലിയുടെ തെക്കിനി, ഗംഗ പുതിയ താക്കോൽ കൊണ്ട് തുറക്കുന്ന നിമിഷം മുതൽ നമ്മൾ ആ തെക്കിനിക്കുള്ളിൽ കുടുങ്ങിപ്പോവുകയാണ്. പുതിയ ആ താക്കോലാണ് തെക്കിനി എന്ന ഉപബോധമനസ്സിനെ തുറക്കുന്നത്. അവിടെയാണ് അവൾ, അവളുടെ നിറങ്ങൾ, ധ്വനികൾ, ചുവടുകൾ, നീറലുകൾ, വിരഹം, കോപം, വൈരനിര്യാതനം…

“അറിഞ്ഞോ ആ താക്കോല് പണിഞ്ഞ കൊല്ലൻ കിടപ്പായിട്ടുണ്ടെന്ന്. ദേഹത്താകെ പൊങ്ങിയുട്ടുണ്ടെന്നാ കേട്ടത്. പിന്നെ, താക്കോല് പണിയിക്കാൻ പോയ ആ പയ്യനില്ലേ. ചന്തൂന്റെ കൂട്ടുകാരൻ ബിച്ചു! അവനും പനിച്ചു തുടങ്ങിയെന്ന്”

ആ നിമിഷം മുതൽ നമ്മുക്കും പനിച്ചു തുടങ്ങുവാണ്. ആ ഭയം പിന്നീട് അല്ലിയെ ഓടിച്ച് കേറ്റുന്നത് ശ്വാസം കിട്ടാത്ത ഒരു അറയിലേക്കാണ്. അതിന്റെ വാതില് പുറത്ത് നിന്ന് പൂട്ടപ്പെടുന്നു. നാഗവല്ലിയുടെ വിരലുകളും, താക്കോലും നമ്മൾ കാണുന്നു.

“ഞാൻ മേള് ലോട്ട് ചെന്നപ്പോൾ ആരാണ്ടെന്റെ പൊറകേ വരുന്നപോലെ തോന്നി ഓടിയതാ. ഓടി അറയ്ക്കകത്തേക്ക് അറിയാതെ കേറിപ്പോയി. അപ്പോഴേക്കും ആരോ പുറത്തുനിന്നും പൂട്ടിക്കളഞ്ഞു”
ആ താക്കോൽ ഉപബോധമനസ്സിനുമുള്ളിലായ് പേരറിയാത്ത മറ്റൊരു ഇടത്തേക്ക്, അവളുടെ ഉന്മാദത്തിലേക്ക് നമ്മെ തടവിലാക്കുന്നു.

എല്ലാ താക്കോലുകളും അവളുടെ കൈകളിലാണ്. (മറ്റൊരു താക്കോൽ ഉപയോഗിച്ച് സണ്ണി ശ്രീദേവിയെ പൂട്ടിയിടുന്നുണ്ടെങ്കിലും അത് ഗംഗക്ക്/ നാഗവല്ലിക്ക് വേണ്ടി ആയിരുന്നു!)

കഥയുടെ തുടക്കത്തിൽ അക്ഷരശ്ലോകവും, അതിൽ താക്കോൽ എന്ന് തുടങ്ങുന്ന കവിതാശകലം ഉൾപ്പെടുത്തിയതും വെറുതെയല്ല. മേട പൂട്ടിയിട്ട് എടുക്കാൻ മറന്നുപോയ താക്കോലിലേക്കുള്ള സൂചനമാത്രമല്ല അത്. തെക്കിനി തുറക്കാൻ ഉപയോഗിച്ച, അല്ലിയെ അറയിൽ പൂട്ടിയിടാൻ ഉപയോഗിച്ച താക്കോലുകളിലേക്കുള്ള സൂചനകൾ കൂടിയാണത്. ഉണ്ണിത്താൻ താക്കോൽ മറന്ന പരിഭ്രമത്തിൽ തെറ്റിച്ചുചൊല്ലിയ ആ വരികൾ ഇതാണ്. കുറ്റിപ്പുറത്തു കേശവൻനായർ എന്ന കവിയുടെ “ഗ്രാമകന്യക” എന്ന കവിതയിൽ നിന്നും (ഗ്രാമകന്യക എന്ന പേരിനെ അന്വർത്ഥമാക്കുന്ന പോലെ ആയിരുന്നു, ആ അക്ഷരശ്ലോക രംഗം ആ ചിത്രത്തിൽ).

“താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴി തന്‍ പുഷ്‌കല കണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷിവലന്മാര്‍”

എങ്കിലും മറ്റൊരു താക്കോലാണ് ഗംഗയെ നാഗവല്ലിയിലേക്ക് പരകായപ്രവേശം ചെയ്യിപ്പിക്കുന്നത്.
ചമയപ്പെട്ടി കുലുക്കുന്പോൾ താഴെ വീഴുന്ന ആ താക്കോൽ.

അത് തുറക്കുന്പോൾ ഗംഗ കാണുന്നത്, കടും ചേലകളും, ചിലങ്കകളും, ആഭരണങ്ങളും അല്ല. അപമൃത്യുപ്പെട്ട ഒരുവളുടെ ചർമ്മവും, ചലനവും, അഭിമാനവുമാണ്. അതാണ് ഗംഗ അണിയുന്നത്. ആ മാത്രയിലാണ്, ഒരുപക്ഷെ മണിച്ചിത്രത്താഴ് എന്ന കഥ തുടങ്ങുന്നതും, തിരിയുന്നതും, കാഴ്ചക്കാർ അവളുടെ ഇരകളാകുന്നതും… എത്ര വർഷങ്ങൾ കടന്നുപോയിട്ടും, ആ മേടയിലെ ഓരോ കോണിലും കാലത്തിന്റെ വേഗം മാറാല കെട്ടിത്തുടങ്ങിയിട്ടും, കാലമോ ഋതുക്കളോ സ്പർശിക്കാതെ ആ ചമയപ്പെട്ടിക്കുള്ളിലെ ചേലകളും, ചിലങ്കകളും, ആഭരണങ്ങളും മാത്രം മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു.

നാഗവല്ലിക്ക് ശേഷം അവയിൽ സ്പർശിക്കപ്പെട്ട വിരലുകൾ ഗംഗയുടേതാണ്.
വിരലുകൾ കോർത്തിണക്കുന്ന രണ്ടാത്മാക്കളുടെ സർക്യൂട്ട് .
(ആചാര്യ മൂവി സ്ട്രീറ്റില്‍ എഴുതിയതില്‍ നിന്നും.)

Leave a Reply

Close Menu