അതുകേട്ടപ്പോൾ തിലകൻ ചേട്ടൻ പറഞ്ഞു: നെഞ്ച് വേദനിക്കുന്നുണ്ട്, അഭിനയിക്കാന്‍ പറ്റുമോ എന്നറിയില്ല…
അതുകേട്ടപ്പോൾ തിലകൻ ചേട്ടൻ പറഞ്ഞു: നെഞ്ച് വേദനിക്കുന്നുണ്ട്, അഭിനയിക്കാന്‍ പറ്റുമോ എന്നറിയില്ല…

ഒരു സ്വപ്നത്തിൽ നിന്നാണ് കിരീടം എന്ന ചിത്രത്തിന്റെ തുടക്കം. തന്റെ മകൻ സേതുമാധവൻ പോലീസായി വരുന്നത് സ്വപ്നം കണ്ട ആ അച്ഛന്റെ എല്ലാം സ്വപ്നങ്ങളും തകർന്നടിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സിബി മലയിൽ-ലോഹിതദാസ് കൂട്ടുക്കെട്ടിൽ പിറന്ന ആ മനോഹര ചിത്രം ജൂലായ് ഏഴിന് മുപ്പത് വർഷം പിന്നിടുകയാണ്. എല്ലാം തകർന്ന് നിലവിളിക്കുന്ന സേതുമാധവനും അച്ഛന്റെ നിസ്സഹായമായ തേങ്ങലും ഇന്നും പ്രേക്ഷകർക്ക് വിങ്ങലാണ്. നായകന്റെ വിജയം മാത്രം ഏറ്റെടുത്തിരുന്ന മലയാളികൾ അവന്റെ നിസ്സഹായാവസ്ഥയും സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും മങ്ങാതെ നിൽക്കുന്ന കിരീടത്തിന്റെ പ്രശസ്തി.

കിരീടം എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിബിമലയിൽ.
(കടപ്പാട് മാതൃഭൂമി ഡോട്ട് കോം)

എല്ലാവരെയും പോലെ എനിക്കും പ്രിയപ്പെട്ടതാണ് കിരീടം എന്ന ചിത്രം . മുപ്പത് വർഷങ്ങൾക്ക് ശേഷവും ആ ചിത്രം ചർച്ചചെയ്യപ്പെടുന്നുവെന്നത് തന്നെ ഒരു ഫിലിം മേക്കർ എന്ന തരത്തിൽ സന്തോഷം പകരുന്നതാണ്. സേതുമാധവൻ എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അച്ഛൻ സേതുമാധവനെ കുറിച്ച് കാണുന്ന സ്വപ്നത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മകൻ പോലീസുകാരനായി വരുന്നത് സ്വപ്നം കണ്ട് അച്ഛൻ പിന്നീട് അതേ മകന്റെ ചിത്രം ക്രിമിനലുകളുടെ ചിത്രങ്ങൾക്കിടയിൽ വെയ്ക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സാധാരണക്കാരനിൽ സാധരണക്കാരനാണ് നായകൻ. എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന, അനുഭവിക്കാൻ പറ്റുന്ന സിനിമ. പ്രേക്ഷർ ഇത്രയധികം സ്വീകരിച്ച ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം

വലിയ വിജയങ്ങൾ നേടിയ ചിത്രങ്ങളെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ സാമ്പത്തിക വിജയത്തിന് അപ്പുറത്തേക്ക് ശ്രദ്ധിക്കപ്പെട്ട കിരീടത്തെ മുപ്പത് വർഷങ്ങൾക്ക് ശേഷവും ചർച്ച ചെയ്യപ്പെടുന്നു. മലയാളികൾ നെഞ്ചോടു ചേർത്തു എന്നത് തന്നെയാണ് എന്റെയും ലോഹിയുടെയും മറ്റു അണിയറപ്രവർത്തകുടെയും ഭാഗ്യം. മുപ്പത് വർഷം കഴിഞ്ഞിട്ടും ഈ ചിത്രം ചർച്ച ചെയ്യപ്പെടുന്നു സിനിമ കുറിച്ച് എന്നോട് ഇപ്പോഴും പറയുന്നു അത് തന്നെ ഒരു ഫിലിംമേക്കറെ സംബന്ധിച്ച് ഓസ്ക്കർ കിട്ടുന്നതിനേക്കാൾ ഭാഗ്യമാണ്. ഓസ്ക്കർ കിട്ടിയാൽ പോലും ഇത്രയ്ക്ക് സന്തോഷമുണ്ടാവണമെന്നില്ല

ലോഹി-സിബിമലയിൽ കൂട്ടുകെട്ട്

ലോഹി എന്ന എഴുത്തുകാരനെ കണ്ടെത്തിയതോടെയാണ് ഞാൻ എന്ന ഫിലിംമേക്കറുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ലോഹിയും ഞാൻ സിനിമ ചെയ്ത് തുടങ്ങിയതിലൂടെ എന്റെ കരിയർ മറ്റൊരു ഘട്ടത്തിലേക്ക് കടന്നുവെന്ന് വേണം പറയണം. തീർച്ചയായും അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തിയാണ് ഞാൻ എന്ന ഫിലിം മേക്കറുടെ പിൻബലം.

ഏതാണ്ട് ഒരാഴ്ച്ച കൊണ്ട് എഴുതിത്തീർത്ത മനോഹരമായ തിരക്കഥയായിരുന്നു കിരിടത്തിന്റേത്. ആ കഥയും കഥപാത്രവും ലോഹിയുടെ മനസ്സിൽ അത്രയ്ക്കും ആഴത്തിൽ പതിഞ്ഞത് കൊണ്ടായിരിക്കണം അത്രയ്ക്കുവേഗം തീർത്തത്.

ഞങ്ങൾ പിരിഞ്ഞുവെന്ന ഗോസിപ്പ്

പിന്നീട് ലോഹി സംവിധാനത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുകയും ഞങ്ങളുടെ കൂട്ടുക്കെട്ട് വിടുകയുമായിരുന്നു. വ്യക്തിപരമായി ഞങ്ങൾ തമ്മിൽ യാതൊരു അകൽച്ചയും ഉണ്ടായിരുന്നില്ല. പക്ഷേ തെറ്റിപ്പിരിഞ്ഞതാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. പിന്നീട് അദ്ദേഹം മറ്റു സംവിധായകർക്ക് വേണ്ടിയെഴുതുന്നത് തന്നെ വളരെ അപൂർവമായിട്ടായിരുന്നു. ഇനി ഒരിക്കലും ഞങ്ങൾ ഒന്നിക്കില്ല എന്ന തരത്തിലുള്ള സംസാരങ്ങൾ വരെ അക്കാലത്ത് വന്നിരുന്നു. ഞങ്ങൾ പോലും ചിന്തിക്കാത്ത വലിയ രീതിയിൽ അത് ചർച്ചയായി.
മലയാളത്തിലെ പൊതുബോധത്തിന് ഞങ്ങളുടെ കൂട്ടായ സിനിമകളോടുള്ള താത്പര്യത്തിന്റെ പ്രതിഫലനമായിട്ടേ അതൊക്കെ ഞങ്ങൾ കണ്ടിട്ടുള്ളൂ.

അദ്ദേഹം മരിക്കുന്നത് ഒരുമാസം മുൻപ് ഞങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള ഒരു സിനിമയെ പറ്റി അവസാനഘട്ട ചർച്ചകൾ നടത്തിയിരുന്നു അപ്പോഴായിരുന്നു മരണം.

സേതുമാധവനെ സ്വീകരിക്കുമെന്ന ഉറപ്പുണ്ടായിരുന്നു

ഇതിന്റെ കഥ ഡെവലപ്പ് ചെയ്യുന്ന സമയത്ത് തന്നെ ഈ സിനിമയുടെ വിജയസാധ്യതകളെ കുറിച്ച് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു യൂണിവേഴ്സൽ സാധ്യതയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഏതു രാജ്യത്തായാലും ഏത് ഭാഷക്കാർക്കായാലും ഈ കഥ മനസിലാകാതെ പോവാൻ ഇടയില്ല.
ഒരു അച്ഛനും മകനും തമ്മിലുള്ള തീവ്രമായ ബന്ധം അതിനകത്തുണ്ട് അതാണ് ചിത്രത്തിന്റെ നൂക്ലിയസ് പോയിന്റ്. തന്റെ അച്ഛൻ പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുന്നത് കാണുമ്പോൾ ഏതൊരു മകനും പ്രതികരിക്കുന്നത് എന്താണോ അത് തന്നെയാണ് സേതുമാധവനും ചെയ്തത്. അത് എല്ലാ മനുഷ്യർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചാൽ ഞാനും ഇങ്ങനെ തന്നെയെ പ്രതികരിക്കുവെന്ന് ചിത്രം കാണുന്ന
ഓരോ പ്രേക്ഷനും ചിന്തിക്കുന്നിടത്താണ് കിരീടത്തിന്റെ വിജയം. ഇതിലെ കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും അടുത്ത് മനസിലാക്കാൻ പറ്റുന്നിടത്താണ് പ്രേക്ഷകർ ചിത്രം സ്വീകരിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്സ്

വിജയിച്ച സിനിമകളുടെ പിന്തുടർച്ച പോലെ അതിനെ അനുകരിക്കുന്ന കഥയും കഥാ സന്ദർഭവുമൊക്കെയാണ് വാണിജ്യ സിനിമകളിൽ വിജയം ആഗ്രഹിക്കുന്നവർ സാധാരണയായി ചെയ്ത് പോന്നിരുന്നത്. ഞങ്ങൾക്ക് ഈ ചിത്രത്തെഒരു കൊമേഴ്ഷ്യൽ വിജയമാക്കി എടുക്കണം എന്നുണ്ടായിരുന്നില്ല. ജീവിതത്തോടു ചേർന്നുനിൽക്കുന്ന കഥയെ വളരെ സത്യസന്ധമായി പറയുക എന്നാണ് സിനിമ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അത് തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം.

സേതുമാധവൻ സാധാരണക്കാരനിൽ സാധരണക്കാനാണ്. അയാൾ ജീവിതത്തിന്റെ പിന്തിരിഞ്ഞു പോവാനാത്ത ഘട്ടത്തിലാണ് അത്തരത്തിൽ എത്തുന്നത്. അതാണ് സിനിമയുടെ പ്രധാന ഭാഗം. ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ വിതരണക്കാർക്ക് എതിർപ്പുണ്ടായിരുന്നു. നായകൻ തോൽക്കുന്ന സീൻ ജനങ്ങൾ സ്വീകരിക്കില്ലെന്നാണ് അവരുടെ പക്ഷം. എന്നാൽ ഞാനും ലോഹിയും പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ആ ക്ലൈമാക്സ് തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. നായകൻ സ്വയം തകർന്നുപോവുകയാണ്. അയാൾ അറിയാതെ തന്നെ തന്റെ അച്ഛന്റെ സ്വപ്നങ്ങളെ മുഴുവൻ തകർത്തെറിയുകയാണ്. അവിടെയാണ് അയാളെ വിധി കൊണ്ടെത്തിക്കുന്നത്. ഇത്തരം വിധികളെ കീഴ്പ്പെടുത്താൻ ഒരു മനുഷ്യനും സാധിക്കില്ല. പിന്നീട് ഞങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ ചിത്രത്തെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ക്ഷീണിച്ച് അവശനായ തിലകൻ ചേട്ടനോട് അത് പറയേണ്ടി വന്നു

സേതുമാധവനെ സെല്ലിൽ അടയ്ക്കപ്പെട്ട രാത്രിയിൽ ഇയാളുടെ അച്ഛൻ അതായത് തിലകൻ ചേട്ടൻ മർദിക്കുന്ന സീനുണ്ട്. ഒരു പ്രതിയെ മർദിക്കുന്ന പോലിസുകാരൻ എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതിനുമപ്പുറം ഒരച്ഛൻ തന്റ മകനെ തല്ലുന്ന ഇമോഷണൽ രംഗമാണിത്. ശാരീരികമായും മാനസികമായും വളരെ പ്രയാസമുള്ള സീനായിരുന്നു ഇത്. വളരെ അധ്വാനമെടുത്താണ് എല്ലാ അഭിനേതാക്കളും ഈ സീൻ അഭിനയിച്ചത്. പ്രത്യേകിച്ച് തിലകൻ ചേട്ടനും ലാലും.

ഇന്നത്തെ പോലെ മോണിറ്റർ നോക്കി സീൻ വീണ്ടും കാണാനുള്ള സാധ്യതയൊന്നും അന്നില്ല. എന്നിരുന്നാലും ആ സീനിൽ ഞാൻ തൃപ്തനായിരുന്നു. സെറ്റിൽ നിൽക്കുന്ന എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്തു. അന്ന് സീൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. ഇത് കഴിഞ്ഞശേഷം ക്യാമറാമാൻ വന്ന് എന്നോടു പറഞ്ഞു ഷോട്ടിന്റെ അവസാന സമയത്ത് മോഹൻലാലിന്റെ മുഖം ശരിക്കും കിട്ടിയിട്ടില്ല. അത് കൊണ്ട് പെർഫക്ഷൻ വേണമെങ്കിൽ വീണ്ടും ഷോട്ട് എടുക്കേണ്ടി വരുമെന്ന്. ക്ഷീണിച്ചിരിക്കുന്ന ഇവരോട് എങ്ങനെ ഇക്കാര്യം അവതരിപ്പിക്കും എന്നതിലായിരുന്നു വിഷമം. കാരണം ഇമോഷണലായും ഫിസിക്കലായും എല്ലാവരും അവശരാണ്.

തിലകൻ ചേട്ടൻ ആകെ ക്ഷീണിതനായിരുന്നു. വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു എനിക്ക് നെഞ്ച് വേദനിക്കുന്നുണ്ട് എന്നെ കൊണ്ട് അഭിനയിക്കാൻ പറ്റുമോ എന്നറിയില്ലെന്ന്. ആ സമയത്ത് അദ്ദേഹത്തിന് ഹൃദയസംബന്ധമായ വിഷമം ഉണ്ടായിരുന്നു. എനിക്ക് അതിനെ കുറിച്ച് ഭയങ്കര പേടിയുണ്ടായിരുന്നു. ഞാനിത് ലാലിനോട് പറഞ്ഞു. ലാൽ പറഞ്ഞു അദ്ദേഹം കുറച്ച് നേരം റെസ്റ്റ് എടുക്കട്ടെ അതിനുശേഷം പറയാമെന്ന്. പിന്നീട് ഒരു മണിക്കുറോളം സെറ്റ് നിശബ്ദമായി ഇരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം വരികയും മനോഹരമായി തന്നെ ഷോട്ട് അവതരിപ്പിക്കുകയും ചെയ്തു.

തിലകൻ

എന്നോട് ഒപ്പം ഒരുപാട് സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എല്ലാ സിനിമകളിലും അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാളാണ് അദ്ദേഹമെന്നത് സംശയമില്ലാത്ത കാര്യമാണ്. നാടകത്തിൽ നിന്ന് വന്ന് അതിന്റേതായ അതിനാടകീയത ഒട്ടുമില്ലാതെ അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അത്രയ്ക്കും നാചുറലായിട്ടാണ് അദേഹം അഭിനയിക്കുന്നത്. സംഭാഷണത്തിന്റെ മോഡുലേഷനിലായാലും വളരെ ക്യത്യതയുള്ള നടനായിരുന്നു അദ്ദേഹം.

ക്ലൈമാക്സ്

മോഹൻലാൽ ഡേറ്റ് അവസാനിക്കുന്ന ദിവസമാണ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാൻ വിചാരിച്ചിരുന്നത്. അന്നേ ദിവസം തന്നെ ചിത്രം പാക്കപ്പ് ചെയ്യുകയും ചെയ്യാം എന്നായിരുന്നു പ്ലാൻ. എന്നാൽ രാവിലെ ലൊക്കേഷനിലെത്തിയപ്പോൾ അവിടെ വേണ്ട രീതിയിൽ ക്രമീകരണങ്ങളുണ്ടായിരുന്നില്ല. എനിക്ക് ആ ചന്തയുടെ ക്രമീകരണത്തിൽ തൃപ്തിവന്നിരുന്നില്ല. ഞാൻ ഇത് ലാലിനോട് പറഞ്ഞു. ഇന്ന് ഷൂട്ട് ചെയ്താൽ ആ പെർഫക്ഷൻ കിട്ടില്ല. ലാലിനും വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ ആ സീൻ പിറ്റേന്ന് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ഭാഗ്യത്തിന് ഷൂട്ടിന്റെ അന്ന് ഒരു പൊടി മഴ പെയ്യുന്നുണ്ടായിരുന്നു. തലേന്ന് ഒരു തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും പറഞ്ഞു മഴയത്ത് സീൻ ശരിയാവില്ലെന്ന്. ആ മഴ രംഗത്തിന് യോജിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ചെളിയും ഒക്കെ ഒരു റസ്റ്റിക്ക് ഫീൽ കിട്ടിയിരുന്നു. അങ്ങനെയാണ് ആ സിൻ ചെയ്തത്. ആ ദിവസം മുഴുവൻ ആ പൊടിമഴ നിന്നിരുന്നു. ശരിക്കും അതൊരു കായികമായൊരു സീൻ അല്ലായിരുന്നല്ലോ. വളരെയധികം ഇമോഷണലായൊരു രംഗമാണ് അതിന്റെ പൂർണതയക്ക് ആ മഴ സഹായിച്ചു. നമ്മൾ ആഗ്രഹിച്ചൊരു ആൾക്കൂട്ടവും അവിടെയുണ്ടായിരുന്നു. ചെളിയിൽ കിടന്നുരുണ്ട് ഒരുവിധമായിട്ടാണ് ലാൽ ഈ രംഗം അഭിനയിച്ചത്.

പരിമിതമായ സാഹചര്യങ്ങളിൽ വെച്ചാണ് അത് ചെയ്തതാണ്. അവസാന രംഗമായപ്പോഴേക്കും സൺലൈറ്റ് എല്ലാം പോയിരുന്നു. പക്ഷേ അത്തരം പരിമിതികൊളാന്നും സീനിന്റെ ഔട്ടിനെ ബാധിച്ചിരുന്നില്ല.

കീരിക്കാടൻ ജോസ്

അതുവരെ പ്രേക്ഷകർ കണ്ട് പരിചയിച്ച മുഖമാവരുത് കീരിക്കാടൻ ജോസ് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ ഞങ്ങൾ എടുത്ത തീരുമാനമായിരുന്നു അത്. കീരിക്കാടൻ ജോസ് സ്ക്രീനിൽ വരുന്നതിന് മുൻപ് തന്നെ വിവിധ കഥാപാത്രങ്ങളിലൂടെ കീരിക്കാടൻ ജോസിനെ പറ്റി വിവരിക്കുന്നുണ്ട്. ഇയാളുടെ കായികമായ ശേഷിയെകുറിച്ചും ഇയാൾ ആടിന്റെ ചോര കുടിച്ച് ഓടും എന്ന് തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിൽ പറയുന്നുണ്ട്. അത്തരത്തിൽ ഒരു മൂഡ് ക്രിയേറ്റ് ചെയ്ത ശേഷം പരിചിതനായ ഒരാളെ വില്ലനായി കൊണ്ടു വന്നാൽ ആ കഥാപാത്രത്തിന്റെ പൂർണത നഷ്ടപ്പെട്ട് പോവുമെന്ന് തോന്നിയിരുന്നു. ഒരുപാട് അന്വഷണത്തിനൊടുവിലാണ് മോഹൻരാജിലേക്ക് ഞാൻ എത്തിപ്പെടുന്നത്. എന്റെ മുന്നിലേക്ക് യാദ്യശ്ചികമായ അസോസിയേറ്റ് ഡയറക്ടർ എത്തിക്കുകയായിരുന്നു. ആദ്യ നോട്ടത്തിൽ തന്നെ ഇയാൾ കീരിക്കാടൻ ജോസിന് പറ്റിയ ആളാണ് എന്ന് തോന്നിയിരുന്നു.

പാട്ടുകൾ

കിരീടത്തിൽ രണ്ട് പാട്ടുകളാണ് തീരുമാനിച്ചിരുന്നത്. ഒന്ന് പ്രണയഗാനമായിരുന്നു. സേതുമാധവന്റെ പണയമായിരുന്നു അതിൽ വിഷയമാക്കിയിരുന്നത്. പിന്നീട് ജിവിതം തകർന്നു പോയി നിൽക്കുമ്പോൾ ആ ഫീൽ പൂർണമായും ഉൾക്കൊള്ളുന്ന പാട്ടാണ്. ആദ്യമായി കമ്പോസ് ചെയ്തത് പ്രണയഗാനമായിരുന്നു. പ്രണയഗാനമായി കമ്പോസ് ചെയ്ത്പ്പോൾ എന്തോ ആ സാഹചര്യത്തിന് പറ്റുമെന്ന് തോന്നിയില്ല. ആ പാട്ടിന്റെ ഭാവം മന്ദഗതിയിലാക്കി പാടിപ്പിച്ചു നോക്കി അതാണ് കണ്ണീർപൂവിന്റെ എന്ന് തുടങ്ങുന്ന ഗാനം. സിനിമയ്ക്ക് വേണ്ട പ്രണയഗാനം കുറച്ചൊക്കെ ചിത്രികരിച്ചിരുന്നു എന്നാൽ ചിത്രത്തിന്റെ ടോട്ടാലിറ്റിക്ക് അത് ആവശ്യമില്ലെന്ന് തോന്നി അത് പിന്നീട് നിർത്തിവെയ്ക്കുകയായിരുന്നു.

ചെങ്കോൽ

കിരിടം ചെയ്ത സമയത്ത് രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. സിനിമ ഇറങ്ങി അത് വളരെ പോപ്പുലറായതിന് ശേഷമാണ് അങ്ങനെയൊരു ആലോചന വന്നത്. സേതുമാധവൻ ഇപ്പോൾ എവിടെയായിരിക്കും ജീവിതത്തിൽ എന്ത് സംഭവിച്ചു അത്തരമൊരു തിരിഞ്ഞുനോട്ടം വേണമെന്ന് തോന്നിയ ഘട്ടത്തിലാണ് ചെങ്കോൽ ചെയ്യാം എന്ന് തീരുമാനിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു ആലോചന വന്നത് തന്നെ. പിന്നീട് അതിൽ മുന്നോട്ട് പോവുകയായിരുന്നു.

ചെങ്കോലും കിരീടവും എനിക്ക് പ്രിയപ്പെട്ടത്

അച്ഛനോട് തന്റെ മക്കളിൽ ആരോടാണ് പ്രിയം എന്ന് ചോദിക്കുന്നത് പോലെയാണ് കിരീടമാണോ ചെങ്കോലാണോ എന്ന് ചോദിക്കുന്നത്. അങ്ങനെയൊരു കംപാരിസൺ നടത്താൻ പറ്റില്ല. രണ്ടു സിനിമകളെയും ഒരേപോലെയാണ് സമീപിച്ചത്. എന്നാൽ കാലം വരുത്തി വെച്ച പക്വത ഞങ്ങൾക്കെല്ലാവർക്കും ചെങ്കോൽ ചെയ്യുമ്പോൾ ഉണ്ടായിരുന്നു. ആക്ടർ എന്ന നിലയിൽ മോഹൻലാലിന്റെ അഭിനയം ചെങ്കോലിലാണ് കുറച്ചുകൂടെ മികച്ചതായിട്ടുള്ളതെന്നാണ് എന്റെ അഭിപ്രായം സേതുമാധവൻ എന്ന കഥാപാത്രം കടന്നു പോയ എല്ലാ മാനസിക സംഘർഷങ്ങളെയും മനോഹരമായി ചെങ്കോലിലെത്തിക്കാൻ മോഹൻലാലിനായിട്ടുണ്ട്.

Leave a Reply

Close Menu