കിരീടത്തിന്റെ തിരക്കഥ എഴുതിപ്പൂർത്തിയാക്കിയത് ആറുദിവസം കൊണ്ടാണ്…
കിരീടത്തിന്റെ തിരക്കഥ എഴുതിപ്പൂർത്തിയാക്കിയത് ആറുദിവസം കൊണ്ടാണ്…

ഞങ്ങളുടെ പ്രദേശത്തൊക്കെ പറഞ്ഞുകേട്ടിരുന്ന ഒരു കഥയുണ്ട്. ചാലക്കുടിയിൽ കുപ്രസിദ്ധനായ ഒരു റൗഡിയുണ്ടായിരുന്നു, കേശവൻ! കേശവൻ പലരെയും കൊന്നിട്ടുണ്ട്. കൈ വെട്ടിയിട്ടുണ്ട്. കൊല്ലാതെ കൊന്നിട്ടുണ്ട്. കേശവന്റെ പേരുകേട്ടാൽ ആരും ഒന്നു വിറയ്ക്കും.

ആയിടെ തിരുവനന്തപുരത്തുനിന്നു വന്ന ഒരു ആശാരിക്കുടുംബം മുരിങ്ങൂരിൽ താമസമാക്കിയിരുന്നു. ഭാര്യയും രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമടങ്ങുന്ന കുടുംബം. നല്ല പണിക്കാരനായിരുന്നു ആശാരി. സന്ധ്യയ്ക്കു ദേഹക്ഷീണമകറ്റാൻ ഒരു കുപ്പി കള്ളുംമോന്തി കുട്ടികൾക്കു നാടൻ പലഹാരവും വാങ്ങി മൂളിപ്പാട്ടും പാടിയാണ് അയാൾ വീട്ടിലേക്കു മടങ്ങുക. കേശവനെ കണ്ടിട്ടില്ലെങ്കിലും ആശാരി പല കഥകളും കേട്ടിരുന്നു.

ഒരിക്കൽ ചാലക്കുടിഭാഗത്തു പണിയുംകഴിഞ്ഞ് ആശാരി മുരിങ്ങൂർക്കു മടങ്ങുകയായിരുന്നു. രണ്ടു ഗ്ലാസ് കള്ളകത്തുണ്ടെങ്കിൽ മുരിങ്ങൂരു വരെ നടക്കാൻ ഒരു രസമായേനെ. സാധാരണ മുരിങ്ങൂര് ഷാപ്പിൽനിന്നാണു മോന്താറ്. അന്നു നടപ്പിന്റെ സുഖമോർത്ത് ആശാരി ചാലക്കുടി ഷാപ്പിൽ കയറി ഒരു ചെറിയകുടം കള്ളും തൊട്ടുനക്കാൻ കറിയും പറഞ്ഞു. ഷാപ്പിൽ തിരക്കായിട്ടില്ല. ആശാരി ഒരു ഗ്ലാസ് കള്ളുമോന്തി തൊടുകറിയുടെ എരിവ് ആസ്വദിച്ചുകൊണ്ടു മടിക്കുത്തിൽ നിന്നു ബീഡിയും തീപ്പെട്ടിയുമെടുത്തു കത്തിച്ചു. പുകയൂതി അങ്ങനെയിരിക്കുമ്പോൾ അടുത്ത ബെഞ്ചുകളിൽ ഇരുന്നു കള്ളുകുടിച്ചിരുന്നവരിൽ പലരും പെട്ടെന്ന് നിശ്ശബ്ദരാവുകയും എഴുന്നേറ്റു നിൽക്കുകയും ചെയ്യുന്നു.

എന്താണു കാര്യമെന്ന് ആശാരിക്കു മനസ്സിലായില്ല. ആരോ ഒരാൾ വാതിൽ കടന്ന് അകത്തേക്കു വന്നു നിൽക്കുന്നതും ആശാരി കണ്ടു. വരുന്നവരെയും പോകുന്നവരെയും നോക്കിയിരിക്കാൻ നേരമില്ല തനിക്ക്. വിളക്കുവയ്ക്കുമ്പോഴേക്കും വീട്ടിലെത്തണം. ആശാരി അടുത്ത ഗ്ലാസ് നിറയ്ക്കാമെന്നു വിചാരിക്കുമ്പോഴേക്കും കുടത്തിലിരുന്ന കള്ളു മുഴുവൻ ആരോ അയാളുടെ മുഖത്തൊഴിച്ചു. മുഖം തുടച്ച് ആശാരി നോക്കുമ്പോൾ കണ്ടത് മുന്നിൽ ഒഴിഞ്ഞ കുടവുമായി ഒരാൾ നിൽക്കുന്നു. ആശാരിക്കു ദേഷ്യവും സങ്കടവും വന്നു. അയാളുടെ അടുത്തിരുന്ന പണിസഞ്ചിയിൽ നിന്നു കൊട്ടുവടിയെടുക്കലും അടിയും പെട്ടെന്നായിരുന്നു. തലയ്ക്കുതന്നെ അടിയേറ്റ ആഗതൻ വെട്ടിയിട്ട വാഴപോലെ ബോധംമറഞ്ഞു മലർന്നടിച്ചു വീണു. പരിഭ്രമത്തോടെ ആശാരി നിൽക്കുമ്പോൾ ആരോ വിളിച്ചുപറയുന്നതു കേട്ടു:കേശവൻ വീണു, റൗഡി കേശവൻ വീണു.

ആശാരിയുടെ മനസ്സിലൊരു കൊള്ളിയാൻ മിന്നി. കേശവനെയാണു താനടിച്ചു വീഴ്ത്തിയിരിക്കുന്നത്. വെള്ളിക്കുളങ്ങരയിൽ ഒരാളെ വെട്ടിക്കൊന്ന കേശവൻ. പൊലീസുകാരനെ തല്ലിയ കേശവൻ.

ആളുകൾ ഓടിക്കൂടി കേശവന്റെ മുഖത്തു വെള്ളം തളിച്ച് ഉണർത്തുമ്പോഴേക്കും ആശാരി അപ്രത്യക്ഷനായിരുന്നു. പിറ്റേന്നു വെളുക്കുമ്പോൾ ആശാരിയുടെ വാടകവീടിന്റെ വാതിലുകൾ തുറന്നുകിടന്നിരുന്നു. വിളമ്പാത്ത അത്താഴം ചാവാലിപ്പട്ടികൾ തിന്നുന്നുണ്ടായിരുന്നു. കയ്യിൽ കിട്ടിയതുമായി ആശാരിയും കുടുംബവും രായ്ക്കുരാമാനം പലായനം ചെയ്തിരുന്നു.

ആശാരിയുടെ കഥ എന്റെ മനസ്സിൽ വിത്തായി വീണു. ഇയാൾക്ക് ഒളിച്ചോടാൻ കഴിയാത്ത ചുറ്റുപാടുകളായിരുന്നെങ്കിൽ എന്നോർത്തു നോക്കൂ…. എന്തെല്ലാം ദുരന്തങ്ങൾ ആ പാവം അനുഭവിക്കേണ്ടിവരുമായിരുന്നു. ഇതാണു സേതുമാധവന്റെ കഥയുടെ വിത്ത്. അടിച്ചയാളെ അടിച്ചുവീഴ്ത്തുമ്പോൾ സേതുവിനറിയില്ല, ജീവിതം മുഴുവൻ നിഴൽവീഴ്ത്തിയ ദുരന്തങ്ങളുടെ നിമിത്തമായ കീരിക്കാടൻ ജോസാണ് അതെന്ന്. കീരിക്കാടൻ ജോസിനെ അടിച്ചുവീഴ്ത്തിയപ്പോൾ സമൂഹം അയാളുടെ തലയിൽ ഒരു കിരീടം വച്ചുകൊടുത്തു. തട്ടിമാറ്റിയിട്ടും അകന്നുപോകാത്ത ഒരു മുൾക്കിരീടം. അതുമായി സേതുമാധവനും ചെറുത്തുനില്ക്കേണ്ടിവന്നു. ഒടുവിൽ എല്ലാവരുടെ സ്വപ്നങ്ങളും തകർത്ത് ആയുസ്സ് മാത്രം നേടിക്കൊണ്ട് അയാൾ ഒരു കൊലയാളിയായിത്തീരുന്നു.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്..

Leave a Reply

Close Menu