ആ ഭാഗ്യം ഉണ്ടായത് ദൃശ്യത്തിന്റെ സെറ്റിൽ: അൻസിബ ഹസൻ…
ആ ഭാഗ്യം ഉണ്ടായത് ദൃശ്യത്തിന്റെ സെറ്റിൽ: അൻസിബ ഹസൻ…

ദൃശ്യം സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അൻസിബ ഹസൻ. ദൃശ്യം അൻസിബയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രം കൂടിയായിരുന്നു. ജീവിതത്തിൽ മറക്കാനാകാത്ത നിരവധി നിമിഷങ്ങൾ ഈ ചിത്രത്തിലൂടെ അൻസിബയെ തേടിയെത്തി. അതിലൊന്നായിരുന്നു തന്റെ പ്രിയതാരം മോഹൻലാലുമൊത്തൊരു ചിത്രം.

ആ കഥ അൻസിബ വെളിപ്പെടുത്തുന്നു: ദൃശ്യത്തിന്റെ സെറ്റിൽ വച്ചാണ് ലാലേട്ടന്റെ കൂടെ ആദ്യമായി ഫോട്ടോ എടുക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയ ആദ്യദിനം തന്നെ അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ചോദിക്കാനുള്ള ചമ്മലും പേടിയൊക്കെ കാരണം അതു നടന്നില്ല.

ഷൂട്ടിങ് ഒരാഴ്ച പിന്നിട്ടു. സിനിമയിൽ ഞങ്ങളുടെ മാസ്റ്റർ സീൻ എടുത്തശേഷം ഓരോരുത്തരുടേയും ക്ലോസ്അപ് ഷോട്ടുകൾ എടുക്കാനുണ്ടായിരുന്നു. ലാലേട്ടന്റെ ക്ലോസ്അപ് ആദ്യം തന്നെ എടുത്തതുകൊണ്ട് അദ്ദേഹം അപ്പുറത്ത് മാറിയിരിക്കുകയായിരുന്നു. മീനചേച്ചിയുടേയും എസ്തറിന്റേയും രംഗങ്ങൾ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അവസാനമായിരുന്നു എന്റേത്. ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ, ലാലേട്ടൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.

അവിടെ ആകെ ആൾക്കൂട്ടം. കൂടെ ഉള്ള അഭിനേതാക്കളും ക്രൂ മെംബേർസും ഒക്കെ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട് . ലാലേട്ടൻ ഒരു പരിഭ്രമവും ഇല്ലാതെ എല്ലാവർക്കും കൂടെ നിന്ന് സിംഗിൾ ആയി ഫോട്ടോ എടുക്കാൻ സമ്മതിക്കുന്നു. ഞാൻ ലാലേട്ടന്റ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോൾ ലാലേട്ടൻ എന്നെ നോക്കി ഒന്നു ചിരിച്ചു, ‘ഫോട്ടോ വേണോ’ എന്ന അർഥത്തിൽ.

‘ആം’.. എന്നു കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ലാലേട്ടന്റെ അടുത്തു നിന്ന് ലാലേട്ടനോട് ചേർന്ന് നിന്നു ഒരു ഫോട്ടോ എടുത്തു. ദൃശ്യത്തിലെ പാട്ടിലുള്ള ആ കോസ്റ്റ്യൂംസ് ഇട്ടു തന്നെയാണ് ഫോട്ടോ എടുത്തത്. അതാണ് ലാലേട്ടന്റെ കൂടെയുള്ള ആദ്യ ഫോട്ടോ.

ഇപ്പോഴും അതു പ്രിയപ്പെട്ട ഫോട്ടോ തന്നെയാണ്, കാരണം ഞാനും ലാലേട്ടനും മീനചേച്ചിയും എസ്തറും കൂടെയുള്ള മാരിവിൽ… എന്ന പാട്ട് ചിത്രീകരിക്കുന്ന സമയത്തായിരുന്നു ഈ ഫോട്ടോ എടുത്തത്. പാട്ടിൽ ധരിച്ചിരുന്ന പിങ്ക് ഡ്രസ് ഫോട്ടോയിൽ കാണാം. വീടിന് അകത്തുനിന്നും എടുത്തതുകൊണ്ട് അത്ര ലൈറ്റ് ഒന്നും ഇല്ലായിരുന്നു. കിട്ടിയ വെളിച്ചത്തിൽ ഉള്ള ഫോട്ടോ ആയിരുന്നു. എന്തായാലും വേണ്ടില്ല ലാലേട്ടന്റെ കൂടെ ഒരു ഫോട്ടോ വേണം എന്നൊരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് എന്റെ ഏറ്റവും വലിയ പ്രിയപ്പെട്ട ഫോട്ടോ.

Leave a Reply

Close Menu