ലൂസിഫര്‍ 2…!!! ആകാംക്ഷയേറ്റി മുരളി ഗോപി..
ലൂസിഫര്‍ 2…!!! ആകാംക്ഷയേറ്റി മുരളി ഗോപി..

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ആകാംക്ഷയേറ്റി മുരളിഗോപിയുടെ പോസ്റ്റ്.

ലൂസിഫർ 2–വിൽ മോഹൻലാൽ ഡബിൾ റോളിലാകും എത്തുകയെന്ന് സ്ഥിരീകരിക്കാത്ത വാർത്തകളും വരുന്നുണ്ട്. ലൂസിഫറിലെ അവസാന കഥാപാത്രമെന്ന പേരിൽ ഖുറേഷി അബ്രാമിന്റെ ചിത്രം അണിയറക്കാർ പുറത്തു വിട്ടതോടെ സ്റ്റീഫൻ നെടുമ്പള്ളിയും ഖുറേഷി അബ്രാമും രണ്ട് കഥാപാത്രങ്ങളാണെന്നും ഇവർ രണ്ടും ലൂസിഫർ 2–വിൽ ഒരുമിക്കുമെന്നുമാണ് അഭ്യൂഹം.

മോഹൻലാൽ ഡബിൾ റോളിൽ എത്തുമെന്ന് വെറുതെ പറഞ്ഞു വയ്ക്കുകയല്ല ആരാധകർ. മറിച്ച് അതിന് കാര്യകാരണസഹിതം തെളിവുകളും ന്യായങ്ങളും അവർ ഉന്നയിക്കുന്നുണ്ട്. വെള്ളത്തിൽ ഭൂരിഭാഗവും മുങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ രൂപം മുരളി ഗോപിയും പൃഥ്വിരാജും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനയാണെന്ന് അന്നേ ആരാധകർ പറഞ്ഞിരുന്നു. അതു നിഷേധിക്കാൻ അണിയറക്കാർ തയാറായില്ലെന്നു മാത്രമല്ല അതിന് ആക്കം കൂട്ടുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്.

കഴിഞ്ഞ ദിവസം മുരളി ഗോപി സമൂഹമാധ്യമത്തിൽ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കു വച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘In the same garden, under the same grey sky, graze Black and White. #L’. ഇത് ചിത്രത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഉദ്ദേശിച്ചുള്ളതു തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ടാഗ് ലൈനിലെ Brotherhood എന്നതും ഇൗ സഹോദരബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകർ ഉറപ്പിച്ചു പറയുന്നു.

സ്റ്റീഫൻ നെടുമ്പള്ളി തന്നെയാണ് ഖുറേഷി അബ്രാം എന്ന് ലൂസിഫറിൽ എവിടെയും പറയാത്തതും ഇൗ സംശയത്തെ ബലപ്പെടുത്തുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ലൂസിഫർ 2–വിൽ ആരാ‍ധകരെ കാത്തിരിക്കുന്നത് വലിയ സർപ്രൈസുകളായിരിക്കും. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമാകാനായി ഒരുങ്ങുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പും വെറുതെയാവില്ലെന്നു കരുതാം.

Leave a Reply

Close Menu