ഇത് അവസാനമല്ല, ആരംഭം താന്‍.. അബ്രഹാം; ലൂസിഫറിനൊരു തുടര്‍ച്ച, ആകാംക്ഷ..
ഇത് അവസാനമല്ല, ആരംഭം താന്‍.. അബ്രഹാം; ലൂസിഫറിനൊരു തുടര്‍ച്ച, ആകാംക്ഷ..

മോഹൻലാൽ-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിലെ അവസാനത്തെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. സ്റ്റീഫൻ നെടുമ്പള്ളി, ഖുറേഷി അബ്രാം എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ ചിത്രത്തിലെ ഇരുപത്തിയൊമ്പത് കഥാപാത്രങ്ങളുടെ കാരക്ടർ പോസ്റ്ററുകൾ പല ദിവസങ്ങളിലായി പുറത്തു വിട്ടിരുന്നു .

അവസാനം എന്നത് തുടക്കം മാത്രമാണ് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഇത് ചിത്രത്തിന് രണ്ടാം ഭാഗം വരും എന്ന സൂചനയാണ് നൽകുന്നതെന്നാണ് ആരാധകാരുടെ അഭിപ്രായം.

നേരത്തെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ ചൊല്ലി സജീവമായ ചർച്ചകൾ നടന്നിരുന്നു. പല കാര്യങ്ങളിലും ചോദ്യങ്ങൾ ബാക്കിയാക്കി ചിത്രം അവസാനിപ്പിച്ചത് രണ്ടാം ഭാഗം ഒരുക്കുന്നതിന് വേണ്ടിയാണെന്ന വാദങ്ങളും ഉണ്ടായിരുന്നു. പോരാതെ ഇതേ സൂചനകൾ നൽകി അണിയറപ്രവർത്തകർ പങ്കുവച്ച ചിത്രങ്ങളും ഈ ചർച്ചകളെ ചൂടുപിടിപ്പിച്ചിരുന്നു.

മാർച്ച് 28-നാണ് ലൂസിഫർ തീയേറ്ററുകളിൽ എത്തിയത്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. അതിന് പുറമെ അതിഥി താരമായി സംവിധായകൻ പൃഥ്വിരാജും ചിത്രത്തിലുണ്ട്.

Leave a Reply

Close Menu