സ്റ്റീഫന്‍ നമ്മള്‍ ഉദ്ദേശിച്ച ആള്‍ അല്ല, പിന്നെ ആര്; അയാള്‍ക്ക്‌ ഇല്യൂമിനാറ്റിയുമായി എന്ത് ബന്ധം.. ?
സ്റ്റീഫന്‍ നമ്മള്‍ ഉദ്ദേശിച്ച ആള്‍ അല്ല, പിന്നെ ആര്; അയാള്‍ക്ക്‌ ഇല്യൂമിനാറ്റിയുമായി എന്ത് ബന്ധം.. ?

ലൂസിഫർ തിയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന വേളയിൽ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് പൃഥി ഇങ്ങനെ കുറിച്ചു. സ്റ്റീഫൻ….നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സാർ. ചിത്രത്തിൽ ഒരു ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായാണ് സ്റ്റീഫനെ അവതരിപ്പിക്കുന്നത്. പി.കെ. രാംദാസ് എന്ന രാഷ്ട്രീയക്കാരന്റെ മാനസപുത്രൻ, കറകളഞ്ഞ രാഷ്ട്രീയക്കാരൻ, അഭയം എന്ന സ്ഥാപനത്തിലൂടെ ആരുമില്ലാത്തവരെ സംരക്ഷിക്കുന്നവൻ, മയക്കുമരുന്ന് വ്യാപാരത്തെ എതിർക്കുന്നവൻ, വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്നവൻ എന്നിങ്ങനെ ഒരു നായക കഥാപാത്രത്തിന് വേണ്ടതെല്ലാം, ആരാധകർക്ക് കൈയ്യടിക്കാനുള്ളതെല്ലാം സ്റ്റീഫനിലുണ്ട്. എന്നാൽ അത് മാത്രമാണോ സ്റ്റീഫൻ. വിശദമായ കാഴ്ചയിൽ അത് മാത്രമല്ല സ്റ്റീഫൻ.

ഒരു മഞ്ഞുമലയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥി ഇങ്ങനെ കുറിച്ചു: കണ്ണുകൊണ്ട് കാണുന്നതിൽ അപ്പുറം ഇതിലുണ്ട്. ഒരു മാസ് മസാല ആക്ഷൻ ചിത്രം എന്ന രീതിയിലാണ് ലൂസിഫർ ആഘോഷിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതും. ഒരു മോഹൻലാൽ ആരാധകന് വേണ്ടതെല്ലാം മറ്റൊരു മോഹൻലാൽ ആരാധകനായ പൃഥിരാജ് ചിത്രത്തിൽ കരുതിവെച്ചിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, ചടുലമായ സംഭാഷണങ്ങൾ എന്നിങ്ങനെ എല്ലാം. എന്നാൽ ആ ഒരു തലത്തിൽ മാത്രം ഒതുക്കാവുന്ന ഒരു സിനിമയാണോ ലൂസിഫർ ?

ചിത്രം തിയേറ്ററികളിൽ എത്തുന്നതിന് മുമ്പ് മോഹൻലാലുമൊത്തുള്ള ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് ഇതിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്: ചിത്രത്തിന്റെ അടിസ്ഥാന ചിന്ത എന്നുപറയുന്നത് പവർ സെന്ററാണ്. കഥയുടെ പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും ഇതൊരു പൊളിറ്റിക്കൽ സ്റ്റോറിയല്ല. നമ്മൾ ജീവിക്കുന്ന, വിശ്വസിക്കുന്ന യാഥാർത്ഥ്യം എന്നത് വേറെ ആരുടെയൊക്കെയോ സൃഷ്ടിയാണ്. നമ്മുടെ കൺട്രോളിലല്ല ഇതൊന്നും. ഇതെല്ലാം കൺട്രോൾ ചെയ്യുന്ന വലിയ പവർ സെന്റേഴ്സ് ഉണ്ട്. നമുക്കൊന്നും എത്തിപ്പെടാൻ പറ്റാത്ത വലിയ പവർ സെന്റേഴ്സ്. അതിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാണ് ലൂസിഫർ. എന്താണ് ഇതിൽ പൃഥിരാജ് ഉദ്ദേശിച്ച ആ പവർ സെന്റേഴ്സ്? ആരാണ് അവർ, എങ്ങനെയാണ് അവരുടെ പ്രവർത്തനങ്ങൾ?

ചിത്രത്തിന്റെ തുടക്കത്തിൽ ഒരു രംഗമുണ്ട്. ഏറെ അസ്വസ്ഥനായ ഒരു വിദേശിയായ പോലീസ് ഓഫീസർ കമ്പ്യൂട്ടറിൽ എന്തോ പരിശോധിക്കുന്നു. അതിൽ ഒന്നിൽ റൂത്സ് ചൈൽഡ് കുടുംബത്തെക്കുറിച്ചുള്ള പരാമർശം കടന്നു വരുന്നു. പിന്നീട് അബ്രാം ഖുറേഷി എന്ന് വിളിക്കപ്പെടുന്ന ഒരാളുടെ അവ്യക്തമായ ഒരു ചിത്രം കാണിക്കുന്നു. എന്താണ് ഈ റൂത്സ് ചൈൽഡ് കുടുംബം? എന്താണ് ഈ ഇല്യൂമിനാറ്റി?

എന്താണ് ഈ ഇല്യൂമിനാറ്റി ?

ഡാൻ ബ്രൗണിന്റെ നോവലുകൾ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ സിനിമകൾ എന്നിവയിൽ പലപ്പോഴും കടന്നു വന്നിട്ടുള്ള പേരാണ് ഇല്യൂമിനാറ്റി, റൂത്ത് ചൈൽഡ് കുടുംബം തുടങ്ങിയവ. ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയാണ് എന്ന് കരുതപ്പെടുന്നതാണ് ഇല്യൂമിനാറ്റി. യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു സംഘടന ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടക്കുകയാണ്. ഈ ചർച്ചകൾക്ക് ഏറെ ആക്കം കൂട്ടിയ പുസ്തകങ്ങളിലൊന്നാണ് ഡാൻ ബ്രൗണിന്റെ ഏഞ്ചൽസ് ആൻഡ് ഡീമൻസ്. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരുണ് ഇല്യൂമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇല്യൂമിനാറ്റിയെക്കുറിച്ച് തിരഞ്ഞിറങ്ങിയാൽ ചെന്നെത്തി നിൽക്കുന്നത് ഇന്ത്യയിലും അശോക ചക്രവർത്തിയിലുമായിരിക്കും. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ഇല്യൂമിനാറ്റിക്കു തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ അറിവുകൾ മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി ചക്രവർത്തി എല്ലാ അറിവുകളും പകർന്നു നൽകിയെന്നാണ് പറയപ്പെടുന്നത്. അവർ അടുത്ത തലമുറകളിലേക്ക് ഇത് കൈമാറി. അങ്ങനെ അവരുടെ അംഗങ്ങൾ ലോകം മുഴുവൻ അദൃശ്യരായി ജീവിക്കുന്നു.

1700കളിൽ ഒരു ബവേറിയൻ പ്രഫസറാണ് ഇല്യൂമിനാറ്റിക്ക് രൂപം നൽകിയത് എന്ന വാദവും ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളെ തകർക്കുന്നതിനായി ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നൽകി എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം വെറും കെട്ടുകഥകളാണെന്നും ഇത്തരത്തിലൊന്നില്ലെന്ന് വാദിക്കുന്നവരും കുറവല്ല. എന്നാൽ ഇല്യൂമിനാറ്റി എന്ന സംഘടനയെ ചുറ്റിപ്പറ്റി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളും പുസ്തകങ്ങളുമാണ് പുറത്തിറങ്ങുന്നത്. രാജ്യാന്തര തലത്തിൽ രാഷ്ട്രീയം, സാമ്പത്തികം, ബിസിനസ് മേഖലകളിലെല്ലാം ഇല്യൂമിനാറ്റി അംഗങ്ങളുണ്ടെന്നാണു കരുതുന്നത്. സ്വർണം, പ്രെട്രോളിയം, രത്നങ്ങൾ എന്നിങ്ങനെ മൂല്യമുള്ള എല്ലാത്തിനെയും അവരാണ് നിയന്ത്രിക്കുന്നതെന്നാണ് വിശ്വാസം.

View this post on Instagram

Ezekiel 25:17 #Lucifer 😊

A post shared by Prithviraj Sukumaran (@therealprithvi) on

എന്താണ് റോത്സ് ചൈൽഡ് കുടുംബം ?

റോത്സ് ചൈൽഡ്, ബ്രൂസ്, കാവെൻഡിഷ്, ഡി മെഡിസി, ഹാനോവർ, ഹാപ്സ്ബർഗ്, ക്രൂപ്, പ്ലാന്റാജനേത്, റോക്കഫല്ലെർ, റൊമാനോവ്, സിൻക്ലെയർ, വാർബർഗ്, വിൻഡ്സർ എന്നിങ്ങനെ 13 പുരാതന രാജകുടുംബങ്ങളാണ് പൊതുവിൽ ഇല്യൂമിനാറ്റിയെ നിയന്ത്രിക്കുന്നത്. സംഘടനകളും വ്യക്തികളുമായിമാറി ഇവർ ലോക ക്രമത്തെ തന്നെ നിയന്ത്രിക്കുന്നു എന്ന വളരെ പ്രശസ്തമായ ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകൾ പ്രവർത്തിക്കുന്നു. ഇതിൽ സാമ്പത്തിക മേഖലയാണ് റോത്സ് ചൈൽഡ് കുടുംബം നിയന്ത്രിക്കുന്നത്.

ലൂസിഫർ എന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രമാണ് പരിചയപ്പെടുത്തുന്നത്. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയെക്കുറിച്ച് എന്തെങ്കിലും അറിയുന്നതും ഗോവർദ്ധന് മാത്രമാണ്. പി.കെ.ആറിന്റെ പിൻഗാമികളെ പരിചയപ്പെടുത്തുന്ന ആ രംഗത്തിൽ ഗോവർദ്ധനനൻ സ്റ്റീഫനെ വിളിക്കുന്നത് ലൂസിഫർ എന്നാണ്. എന്തിനാണ് അങ്ങനെ വിളിച്ചത്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമാണ് എന്ന വസ്തുത നിലനിൽക്കുമ്പോഴും അത്ര ഡാർക്ക് അല്ല അയാളുടെ കഥാപാത്രം. പിന്നെ എന്ത് കൊണ്ട് ചെകുത്താൻ എന്ന വിശേഷണം..? ഇല്യൂമിനാറ്റിയിലേക്കും അവരുടെ ആരാധനാക്രമത്തിലേക്കുമാണ് ഇത് വിരൽ ചൂണ്ടുന്നത്. ചെകുത്താനെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരുമാണ് ഇല്യൂമിനാറ്റിക്കാർ. സ്റ്റീഫന്റെ ഈ ബന്ധം അറിയുന്നതിനാലാവണം ലൂസിഫർ എന്ന് അയാൾ വിളിക്കുന്നത്.

സ്റ്റീഫന്റെ ഇല്യൂമിനാറ്റി ബന്ധത്തിന്റെ തെളിവുകൾ

സ്റ്റീഫൻ നെടുമ്പള്ളിയുടെ ഇല്യൂമിനാറ്റി ബന്ധത്തിന് പിന്നെയും തെളിവുകൾ ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. ചിത്രത്തിൽ സ്റ്റീഫൻ ഉപയോഗിക്കുന്ന കറുത്ത ലാന്റ് മാസ്റ്റർ കാറും അതിന്റെ 666 എന്ന നമ്പരും. 666 എന്നത് ചെകുത്താന്റെ നമ്പരായാണ് കരുതപ്പെടുന്നത്. ചിത്രത്തിൽ മറ്റ് പലയിടങ്ങളിലും ഇല്യൂമിനാറ്റിയുടെ ചിഹ്നങ്ങൾ കടന്നുവരുന്നുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെിന്റെ കണ്ണാണ് പ്രേക്ഷകൾ ആദ്യം കാണുന്നത്. എല്ലാം കാണുന്ന കണ്ണ് എന്നത് ഇല്യൂമിനാറ്റിയുടെ ചിഹ്നങ്ങളിലൊന്നാണ്. ചിത്രത്തിന്റെ അവസാനത്തോടടുത്തുള്ള ഒരു ഗാനത്തിൽ സ്റ്റീഫൻ മൂങ്ങയുടെ ചിത്രത്തിന് മുൻപിൽ കറുത്ത വസ്ത്രത്തിൽ ഇരിക്കുന്നുണ്ട്. ഒരു അർദ്ധ സൂര്യന്റെ ഉള്ളിലാണ് ആ മൂങ്ങയുള്ളത്. ദി ലൈറ്റ്, വിസ്ഡം എന്നീ പേരുകളിൽ അറിയപ്പെടുന്ന മൂങ്ങയും സൂര്യനും ഇല്യൂമിനാറ്റി ചിഹ്നങ്ങളാണ്. സിനിമയിൽ ഉടനീളം വെളുത്ത വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സ്റ്റീഫൻ അവസാനത്തോടുത്ത് കറുത്ത വസ്ത്രത്തിൽ വരുന്നു. ഇതും ഏറ്റവും ശക്തമായ ബിംബങ്ങളിലൊന്നാണ്.

View this post on Instagram

#Lucifer Click by : @sinat_savier

A post shared by Mohanlal (@mohanlal) on

മഞ്ജു വാര്യരുടെ പ്രിയദർശിനി എന്ന കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയെ കാണാനായി എത്തുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. ആ കൂടിക്കാഴ്ച നടക്കുന്നത് ഒരു തകർന്ന പള്ളിയിൽ വെച്ചാണ്. യേശുവിന്റെ മുറിഞ്ഞ ശിരസും അതിലൂടെ ഇഴയുന്ന പാമ്പും ആ രംഗത്തിലുണ്ട്. അതിൽ സ്റ്റീഫൻ പറയുന്നുണ്ട്: നമ്മുടെ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് ഞാൻ ഈ ഇടം കരുതിവെച്ചതെന്ന്. അതിൽ നിന്ന് ആ സ്ഥലത്തിന്റെ സംരക്ഷകൻ സ്റ്റീഫനാണ് എന്നുറപ്പിക്കാം. ലൂസിഫറിനെ ആരാധിക്കുന്നവർ ക്രിസ്ത്യൻ മത ചിഹ്നങ്ങളെ അവഹേളിക്കാറുണ്ട്. അതിനാൻ തന്നെ സ്റ്റീഫൻ തകർന്ന ക്രൂശിത രൂപം സംരക്ഷിക്കുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കാം.

ഐ.യു.എഫ് എന്ന പാർട്ടിയെ നിയന്ത്രിച്ചിരുന്നത് മണപ്പാട്ടിൽ ചാണ്ടിയുടെ പണമാണ്. എന്നാൽ ആരായിരുന്നു ഈ മണപ്പാട്ടിൽ ചാണ്ടി. അയാൾ യഥാർത്ഥത്തിൽ സ്റ്റീഫന്റെ ബിനാമിയാണ് എന്ന് സിനിമ കണ്ട് കഴിഞ്ഞാൽ മനസ്സിലാക്കാം. അതിന് ശക്തമായ ഒരു വെല്ലുവിളിയായിരുന്നു ബോബി വഴി വന്നത്. അധികാരം കൈപ്പിടിയിൽ ഒതുക്കാൻ എന്തും ചെയ്യുന്ന ഇല്യൂമിനാറ്റിക്ക് ഒരിക്കലും ക്ഷമിക്കാൻ സാധിക്കാത്ത ഒന്നാണത്. അവിടെയാണ് സ്റ്റീഫൻ ഇടപെടുന്നതും ബുദ്ധിപൂർവം കളിക്കുന്നതും. തന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും എന്നാൽ, ഇതെല്ലാം മറ്റുള്ളവർക്ക് വേണ്ടിയാണ് എന്ന് പുറമേ കാണിക്കുകയും ചെയ്യുന്ന അതേ ചെകുത്താൻ തന്ത്രം തന്നെ.

എക്സ്ക്ലൂസീവ് കിട്ടാനെന്ന വ്യാജേനെ റിപ്പോർട്ടർ ഗോവർദ്ധനെ ഇന്റർവ്യൂ ചെയ്യുന്ന രംഗത്തിൽ ഗോവർദ്ധൻ പറയുന്നുണ്ട്. എൻപിഫിനെ കേരളത്തിൽ ഫണ്ട് ചെയ്യുന്നത് നെടുമ്പള്ളി ഗ്രൂപ്പ് ആണെന്ന് ഇവിടെ എല്ലാവർക്കും അറിയാം. പക്ഷേ അവർക്ക് പിന്നിലാരാണ്? ആർക്കും അറിയില്ല, പക്ഷേ എനിക്കറിയാം. അബ്രാം ഖുറേഷി, സ്വർണ കള്ളക്കടത്തുകാരൻ. അവർ എല്ലായിടത്തുമുണ്ട്. ഇല്യൂമിനാറ്റിയെ പോലെ. ഇതും ശക്തമായ സൂചനയാണ് നൽകുന്നത്. ഈ ഒരു സംഭാഷണത്തിലൂടെ അബ്രാം ഖുറേഷിയെന്നാൽ ഇല്യൂമിനാറ്റിയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിന് പുറമേ ചിത്രത്തിന്റെ അവസാനത്തിലുള്ള പത്ര കട്ടിങ്ങുകളും ഈ ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇത്തരത്തിൽ ഇല്യൂമിനാറ്റിയുമായി കൂട്ടിയിണക്കുന്ന ഒട്ടേറെ സംഭവങ്ങൾ ചിത്രത്തിലുടനീളമുണ്ട്. അതിൽ പലതും കഥയെ നശിപ്പിക്കുമെന്നതിനാൽ ചേർക്കുന്നില്ല. ലൂസിഫർ എന്ന ചിത്രത്തിൽ ഈ ഇല്യൂമിനാറ്റി രംഗങ്ങൾ ഇല്ലെങ്കിലും ചിത്രത്തിന്റെ കഥയ്ക്കോ ആസ്വാദനത്തിനോ തടസങ്ങൾ ഒന്നുമുണ്ടാകുമായിരുന്നില്ല. ഇതേ അളവിൽ തന്നെ ചിത്രം സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമായിരുന്നു. പിന്നെ എന്തുകൊണ്ട് ബോധപൂർവം ഇത്തരം ചിലത് ചിത്രത്തിൽ ചേർത്തു. താര ആരാധനയുടെ ഇഴകൾക്കിടയിൽ അതിസമൃദ്ധമായി ഇഴചേർത്തിരിക്കുന്നു. ആസ്വാദനത്തിൽ കല്ലുകടിയാവാതെ തന്നെ. അത്തരത്തിൽ ഒരു പുനർകാഴ്ച ലൂസിഫർ ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ തിരിച്ചെഴുതുന്നത് പോലെ.

Courtesy : Mathrubhumi

Leave a Reply

Close Menu