മോഹന്‍ലാലിനെ വട്ടം കറക്കിയ മുദ്ദുഗവു സൂപ്പർഹിറ്റായതിന് പിന്നിൽ ഒരു കഥയുണ്ട്..
മോഹന്‍ലാലിനെ വട്ടം കറക്കിയ മുദ്ദുഗവു സൂപ്പർഹിറ്റായതിന് പിന്നിൽ ഒരു കഥയുണ്ട്..

ചിത്രാഞ്ജലിയിൽ മിഥുനത്തിന്റെ ഫസ്റ്റ് പ്രിന്റ് കാണുകയാണ് പ്രിയൻ. അകത്തെ മുറിയിൽ കൈയിൽ കട്ടൻ ചായയുമായി മോഹൻലാലുണ്ട്. ഗോപാലകൃഷ്ണൻ പതുക്കെ മുറിയിലേയ്ക്ക് ചെന്നു. എന്താ അമ്പിയണ്ണാ… എന്തോ വിശേഷമുണ്ടല്ലോ.-ചായഗ്ലാസ് താഴെവച്ച് ലാലിന്റെ കുസൃതി നിറഞ്ഞ ചോദ്യം. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…മടിച്ചു മടിച്ച് പതുക്കെ പറഞ്ഞുതുടങ്ങി ഗോപാലകൃഷ്ണൻ. എന്തിനാണ് അമ്പിയണ്ണാ എന്നോടൊരു മുഖവുര. എന്താണ് കാര്യം.?-എഡിറ്റിങ് സമയത്തെ പതിവില്ലാത്ത വരവ് കണ്ട് ലാൽ. പതിവ് കുസൃതിക്കു പകരം കൗതുകം നിറഞ്ഞ മുഖവുമായി നിൽക്കുന്ന ലാലിനോട് ഗോപാലകൃഷ്ണൻ പറഞ്ഞു: എനിക്കൊരു ആഗ്രഹമുണ്ട്. ഒരു സിനിമ എടുത്താൽ കൊള്ളാമെന്നുണ്ട്. കുറേക്കാലമായില്ലെ. ഈ രംഗത്ത്. പലരും നിർബന്ധിക്കുന്നു. വിരോധമില്ലെങ്കിൽ… പറഞ്ഞുതീരാൻ കാത്തുനിന്നില്ല ലാൽ: അതിനെന്താ അണ്ണാ… നമുക്ക് ചെയ്യാലോ. അണ്ണൻ പ്രിയനുമായി സംസാരിച്ച് തീയതിയൊക്കെ നിശ്ചയിച്ചോളൂ, ഞാൻ റെഡി…

മുറിയിൽ നിന്നിറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു ഗോപാലകൃഷ്ണന്റെ. ഓടരുതമ്മാവാ ആളറിയാം മുതൽ മിഥുനം വരെ അന്നോളമുള്ള പ്രിയദർശന്റെ സൂപ്പർഹിറ്റുകളെയെല്ലാം നിഴലും നിറങ്ങളും ചേർത്ത് വെട്ടിയൊതുക്കി സുന്ദരമാക്കിയ എഡിറ്റർ എൻ. ഗോപാലകൃഷ്ണൻ അങ്ങനെ പ്രിയന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നിന്റെ നിർമാതാവായി. പ്രിയദർശന്റെ സ്ഥിരം എഡിറ്റർ എന്ന മേൽവിലാസത്തിന് പുറമെ പ്രിയന്റെ മാത്രമല്ല, മലയാളത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നിന്റെ, ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നിന്റെ നിർമാതാവ് എന്നൊരു മേൽവിലാസം കൂടിയായി സ്വതവേ ഗൗരവക്കാരനായ ഗോപാലകൃഷ്ണന്.

വിരുന്നെത്തുന്നവർക്കെല്ലാം കണ്ണിമാങ്ങാ അച്ചാറിന്റെ രുചിയും സ്നേഹവും കൊണ്ട് വയറുനിറച്ചു വിളമ്പിക്കൊടുക്കുന്ന ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം കോട്ടയ്ക്കകത്തെ ഇന്നും പേരിട്ടിട്ടില്ലാത്ത വീട്ടിൽ നിന്ന് 250 ദിവസം ഓടി ചരിത്രം കുറിച്ച തേന്മാവിൻ കൊമ്പത്ത് എന്നൊരു ഓൾടൈം ഹിറ്റ് മാത്രമല്ല, സിനിമയിലേയ്ക്ക് കയറിവന്നത്. അതിലും വലിയ ഹിറ്റായ ഒരു വാക്ക് കൂടിയാണ്. മാതൃഭാഷയായ ലിപിയില്ലാത്ത തുളുവിൽ നിന്ന് ഗോപാലകൃഷ്ണൻ സംഭാവന ചെയ്ത ആ വാക്കുവച്ചാണ് തേന്മാവിൻ കൊമ്പത്തിൽ ശോഭന മോഹൻലാലിനെ വട്ടം കറക്കുന്നത്. ഒടുവിൽ കാർത്തുമ്പി മാണിക്ക്യന്റെ നെഞ്ചിൽ കയറിപ്പറ്റി പൊല്ലാപ്പൊക്കെ ഉണ്ടാക്കുന്നത്. മുദ്ദുഗവു എന്ന ആ തുളു വാക്കില്ലാത്ത തേന്മാവിൻ കൊമ്പത്തിനെക്കുറിച്ച് ഇന്നോർക്കാനാവുമോ ആർക്കെങ്കിലും?.

സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഒരു ദിവസം, അന്ന് പ്രിയന്റെ സംവിധാന സഹായിയായിരുന്ന മുരളി നാഗവള്ളി വീട്ടിൽ വന്നു പറഞ്ഞ കാര്യം ഇന്നും ഓർമയുണ്ട് ഗോപാലകൃഷ്ണന്റെ മകൻ അനിൽ കുമാറിന്. നിങ്ങളുടെ ഭാഷയെ ഞങ്ങൾ സിനമയിലെടുത്തുട്ടോ… എന്നാൽ വീട്ടിൽ കുട്ടികളെ ലാളിക്കാൻ ഉപയോഗിച്ചിരുന്ന ആ വാക്കു മാത്രമല്ല, മോഹൻലാലും ശോഭനയും നെടുമുടിയുമെല്ലാം മത്സരിച്ചഭിനയിച്ച തേന്മാവിൻ കൊമ്പത്തും ഇത്ര വലിയ ഹിറ്റാകുമെന്നും അന്ന് കരുതിയിരുന്നില്ലെന്ന് പറയുന്നു അനിൽ. മുദ്ദുഗവുവും ലേലു അല്ലുവും ടാസ്കിവിളിയുമെല്ലാം ഇന്നും നിറഞ്ഞോടുമ്പോൾ തേന്മാവിൻ കൊമ്പത്ത് തിയ്യറ്ററിൽ ഉത്സവമായി തകർത്തോടിയിട്ട് ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പ്രയാസം. ഒരൊറ്റ സൂപ്പർഹിറ്റ് നിർമിക്കുകയും ഒരു ഡസനിലേറെ സൂപ്പർഹിറ്റുകൾ ചെറുപ്പക്കാരേക്കാൾ ചടുലമായ ഒഴുക്കോടെ എഡിറ്റ് ചെയ്യുകയും ചെയ്ത ഗോപാലകൃഷ്ണൻ അരങ്ങൊഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും മകൻ അനിലിന്റെയും മൂന്ന് സഹോദരിമാരുടെയും മനസ്സിൽ ഇന്നും നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് തേന്മാവിൻ കൊമ്പത്തിന്റെ ഓർമകൾ. തിരുവനന്തപുരം അജന്ത തിയ്യറ്ററിൽ മൂന്നാം ദിനം അച്ഛന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും കൂടെ പോയി സിനിമ കണ്ടുകഴിഞ്ഞപ്പോൾ രോമാഞ്ചമുണ്ടായ കഥ ഇന്നലെ കഴിഞ്ഞതുപോലെയുണ്ട് അനിലിന്റെ മനസ്സിൽ. അന്ന് ഗംഭീരം എന്നു പറഞ്ഞ് അച്ഛന് കൈ കൊടുക്കുമ്പോൾ കുടുംബത്തിലെ പതിനാല് പേരും സന്തോഷം കൊണ്ട് കണ്ണീരടക്കാൻ പാടുപെടുകയായിരുന്നുവെന്ന് ഓർക്കുന്നു അനിൽ. തേന്മാവിൻ കൊമ്പത്ത് ഇന്നും ടിവിയിൽ വരുമ്പോഴെല്ലാം ഞങ്ങൾ കാണും. ഇല്ലെങ്കിൽ സി.ഡി ഇട്ട് കാണും. അത് വീണ്ടും വീണ്ടും കാണുമ്പോൾ വീട്ടിൽ നടന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് മനസ്സിലേയ്ക്ക് വരിക എന്നുകൂടി പറയുന്നു അനിൽ.

തേന്മാവിൻ കൊമ്പത്തിന്റെ നിർമാതാവ്, പ്രിയദർശന്റെ സ്ഥിരം എഡിറ്റർ എന്നിവയായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി ഗോപാലകൃഷ്ണന്റെ മേൽവിലാസങ്ങളെങ്കിലും അറുപതുകളുടെ തുടക്കം മുതൽ ചിത്രസംയോജന രംഗത്തുണ്ട് ദേഹണ്ഡവും പൂജയുമായി വർഷങ്ങൾക്ക് മുൻപ് ഉഡുപ്പിയിൽ നിന്നെത്തിയ തുളു ബ്രാഹ്മണ കുടുംബത്തിലെ ഈ പിൻമുറക്കാരൻ. സമുദായക്കാർ പലരും പൂജയിലും പാചകത്തിലും ഹോട്ടൽ ബിസിനസിലുമെല്ലാം സജീവമായ കാലത്ത് വെള്ളിത്തിരയിലെ ദൃശ്യങ്ങൾ വെട്ടിയൊട്ടിച്ച് സിനിമാപ്രേമികളെ വിരന്നൂട്ടാനുള്ള ഗോപാലകൃഷ്ണന്റെ തീരുമാനം ഇന്നും അത്ഭുതമാണ് മക്കൾക്ക് പോലും.

മറ്റ് തുളു ബ്രഹ്മണരെപ്പോലെ പൂജയും ഹോട്ടലും തന്നെയായിരുന്ന ഗോപാലകൃഷ്ണനും ചെറുപ്പകാലത്ത്. നാൽപത്തിയഞ്ചിൽ അച്ഛൻ നിരസിംഹൻ പോറ്റിയുടെ ബന്ധു കൃഷ്ണശർമയാണ് ആ ജാതകം മാറ്റിയെഴുതിയത്. അന്ന് മെരിലാൻഡ് സ്റ്റുഡിയോയിൽ സുബ്രഹ്മണ്യം മുതലാളിയുടെ അടുക്കൽ കൊണ്ടുപോകുന്നത് കൃഷ്ണശർമയാണ്. കഥകളിപ്പാട്ടുകാരനായിരുന്നു കൃഷ്ണശർമ. ജോർജ് എന്ന കോട്ടയംകാരനായിരുന്നു അന്ന് മെരിലാൻഡിലെ എഡിറ്റർ. ജോർജ് വഴിയാണ് ഗോപാലകൃഷ്ണനെ ശർമ മെരിലൻഡിലെത്തിക്കുന്നത്. എഡിറ്റിങ്ങോ സിനിമ സംബന്ധിച്ച മറ്റ് ജോലികളോ ഒന്നും വശമുണ്ടായിരുന്നില്ല. എങ്കിലും ജോർജിന്റെ സഹായിയായി ഒപ്പം കൂടി. ആത്മസഖിയായിരുന്നു ആദ്യ ചിത്രം. വലിയ കഷ്ടപ്പാടായിരുന്നു അക്കാലത്തെന്ന് അച്ഛൻ പറയാറുണ്ടായിരുന്നു. പുലർച്ചെ നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ പൂജ. അതുകഴിഞ്ഞ് നേരെ ബസ് പിടിച്ച് തിരുവനന്തപുരത്ത് മെരിലൻഡിലേയ്ക്ക്. രാത്രി വൈകും ബസ്സിൽ തിരിച്ച് വീട്ടിലെത്താൻ. എങ്കിലും അച്ഛന്റെ മനസ് മുഴുവൻ സിനിമയായിരുന്നു. സിനിമയില്ലാത്ത സമയത്ത് വായനയും.-അച്ഛന്റെ വാക്കുകളിൽ നിന്ന് അനിൽ ഓർമകൾ പൊടിത്തട്ടിയെടുക്കുന്നു

സുബ്രഹ്മണ്യം മുതലാളിയുടെ മനസ്സ് തെളിയാൻ ഏറെ കാക്കേണ്ടിവന്നില്ല. അങ്ങനെ അറുപത്തിരണ്ടിൽ പുറത്തിറങ്ങിയ പ്രേംനസീർ ചിത്രം ശ്രീരാമ പട്ടാഭിഷേകം മുതൽ ഗോപാലകൃഷ്ണൻ സ്വതന്ത്ര ചിത്രസംയോജകനായി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അന്നുമുതൽ മെരിലാൻഡിന്റെ സ്ഥിരം എഡിറ്ററായി. കാട്ടുമൈനയും പട്ടുതൂവാലയും കൃഷ്ണ ഗുരുവായൂരപ്പയും സ്വാമി അയ്യപ്പനും കുമാരസംഭവവും ഉൾപ്പടെ നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.സുബ്രഹ്മണ്യം നിർമിച്ച നാൽപതോളം ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. മദ്രാസിലെ ജമിനി സ്റ്റുഡിയോയിലായിരുന്നു അന്ന് നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളുടെ എഡിറ്റിങ് കൂടുതലായി നടന്നിരുന്നത്. എഡിറ്റിങ്ങുള്ളപ്പോൾ ഒന്നോ രണ്ടോ മാസം അച്ഛൻ ചെന്നൈയിലായിരിക്കും. അക്കാലത്ത് അങ്ങനെ ചെന്നൈയിലെ സിനിമാവിശേഷങ്ങളൊന്നും വീട്ടിൽ വന്ന് പറയുന്ന ഒരു ശീലം അച്ഛനുണ്ടായിരുന്നില്ല. എങ്കിലും ചിലപ്പോഴെങ്കിലും പ്രതിഫലം കിട്ടാതെ വെറും കൈയോടെ വന്ന കാലവുമുണ്ടായിരുന്നു. അന്നൊക്കെ കുറച്ചൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട് ഞങ്ങൾ. ഇന്നുമുണ്ട് വീട്ടിൽ അമ്പതിനായിരത്തിന്റെയും എഴുപത്തി അയ്യായിരത്തിന്റെയുമെല്ലാം മടങ്ങിയ ചെക്കുകൾ. അച്ഛൻ പക്ഷേ, ആരോടും ചോദിക്കാൻ പോയില്ല. ഒരു പരിഭവവും പറഞ്ഞില്ല.-അനിൽ പറഞ്ഞു.

എന്നാൽ, ഗോപാലകൃഷ്ണൻ എന്ന എഡിറ്ററുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് മറ്റൊരാളാണ്. നിർമാതാവ് ജി. സുരേഷ് കുമാർ. മെരിലൻഡിലെ എഡിറ്റിങ് കാലത്തെ പരിചയമാണ്. ഒരു നിർമാതാവും എഡിറ്ററും തമ്മിലുള്ള ബന്ധമായിരുന്നില്ല അവർ തമ്മിൽ. തന്റെ ആദ്യ ചിത്രമായ കൂലിയിൽ ചിത്രസംയോജനത്തിനായി മറ്റൊരു പേരുകാരനെക്കുറിച്ച് ആലോചിച്ചില്ല സുരേഷ്. പിന്നെ സ്ക്രീനിൽ മോഹൻലാലിന്റെ സ്വരമായി മാറിയ എം.ജി. ശ്രീകുമാർ ആദ്യമായി ഒരു സോളോ പാടുന്നത് കൂലിയിലാണ്.

സുരേഷ് കുമാറുമായി അവസാന കാലം വരെ ഈ ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്നു അച്ഛൻ. അച്ഛന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയുമെല്ലാം പിൽക്കാലത്തെ വളർച്ചയ്ക്കെല്ലാം അദ്ദേഹമാണ് നാന്ദിയായത്. അന്ന് എവർഷൈൻ പ്രൊഡക്ഷൻസിന്റെ തിരുപ്പതി ചെട്ട്യാരുടെ സഹായിയും അടുത്ത ആളുമൊക്കെയായിരുന്ന സുരേഷ് കുമാർ വഴിയാണ് പ്രിയദർശൻ, മോഹൻലാൽ, അശോക് കുമാർ, രാജീവ്നാഥ്, എം.ജി.ശ്രീകുമാർ എന്നിവരെല്ലാമായി അച്ഛൻ അടുപ്പത്തിലാവുന്നത്-അനിൽ ഓർക്കുന്നു. അങ്ങനെയാണ് അവരുടെ തിരനോട്ടം എന്ന വിപ്ലവകരമായ പരീക്ഷണത്തിൽ, മോഹൻലാലിന്റെ മുഖം ആദ്യം ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ഗോപാലകൃഷ്ണനും പങ്കാളിയാവുന്നത്. ഈ നിയോഗത്തിന്റെ തുടർച്ചയാവണം, എൺപതുകൾ മുതൽ ഗോപാലകൃഷ്ണൻ ഏറ്റവും കൂടുതൽ കത്തിവച്ചത് മോഹൻലാൽ പടങ്ങൾക്കാണ്. എൺപത്തിനാലിൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി മുതൽ 2003ൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം വരെ. മുപ്പത്തിരണ്ട് ചിത്രങ്ങൾ.

പി.ആർ.എസ്. പിള്ള വഴിയാണ് ഗോപാലകൃഷ്ണൻ ആരംഭകാലത്തു തന്നെ ചിത്രാഞ്ജലിയിലെത്തുന്നത്. അരവിന്ദന്റെ പോക്കുവെയിലൊക്കെ എഡിറ്റ് ചെയ്യുന്നത് അവിടെവച്ചാണ്. ചിത്രാഞ്ജലിയിൽ ജോലി ചെയ്യുന്ന കാലത്താണ് പ്രിയദർശനുമായി പരിചയത്തിലാവുന്നത്. പരിചയപ്പെടുത്തുന്നതാവട്ടെ സുരേഷ് കുമാറും. വൈകീട്ടത്തെ പതിവ് കോഫി ഹൗസ് സംഗമം കഴിഞ്ഞ് എല്ലാവർക്കും കൂടി ഒരു വരവുണ്ട് ചിത്രാഞ്ജലിയിലേയ്ക്ക്. എഡിറ്റിങ്ങും ഡബ്ബിങ്ങുമെല്ലാം കാണുകയാണ് ലക്ഷ്യം. ഇതിന്റെ ബാക്കിപത്രമാണ് മോഹൻലാൽ അരങ്ങേറ്റം കുറിച്ച തിരനോട്ടം. വെള്ളിത്തിര കണ്ടില്ലെങ്കിലും അതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് ഗോപാലകൃഷ്ണനായിരുന്നു. അതിനുശേഷം അച്ഛനും പ്രിയനും തമ്മിലുള്ള ബന്ധം ദൃഢമായി. പ്രിയൻ ആദ്യമായി ഒറ്റയ്ക്ക് ഒരു ചിത്രം ചെയ്തപ്പോഴും അച്ഛനെയാണ് വിളിച്ചതെന്ന് അനിൽ പറയുന്നു. അങ്ങനെ സുഹൃത്തുക്കളായ സുരേഷ് കുമാറും സനൽകുമാറും ചേർന്നെടുത്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ സുദീർഘമായൊരു ബന്ധത്തിന് തുടക്കമായി. പിന്നെ വെട്ടം വരെ മറ്റൊരു എഡിറ്ററെക്കുറിച്ച് ചിന്തിച്ചില്ല പ്രിയൻ.

ചിരിപ്പിക്കാൻ മാത്രമല്ല, അഭ്രപാളിയെ നിറങ്ങളുടെയും ഒഴുകുന്ന ദൃശ്യങ്ങളുടെയും ഒരു ഉത്സവമാക്കി മാറ്റാനും മലയാള സിനിമയെ പഠിപ്പിച്ചത് സംവിധായകന്റെയും എഡിറ്ററുടെയും മനസ്സുകളുടെ മേളനം മുദ്ര ചാർത്തിയ ഫ്രെയിമുകളിലൂടെ പ്രിയദർശനാണ്. കിലുക്കത്തിലെയും തേന്മാവിൻ കൊമ്പത്തിലെയും കാലാപാനിയിലെയുമെല്ലാം കൊതിപ്പിക്കുന്ന രംഗങ്ങൾ, അമ്പതുകളിൽ എഡിറ്റിങ് തുടങ്ങിയ ഒരാൾ വെട്ടിയൊട്ടിച്ച് വിരിയിച്ചെടുത്തതാണെന്ന വസ്തുത പുതിയ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമാവും. ഈ ദൃശ്യങ്ങൾക്കും അതിന്റെ ലയത്തിനും കാരണം അവരുടെ സാങ്കേതികജ്ഞാനം മാത്രമല്ല, മനസ്സുകളുടെ ഐക്യം കൂടിയായിരുന്നു എന്നതിന് ഓടരുതമ്മാവാ ആളറിയാം മുതൽ വെട്ടം വരെയുള്ള ചിത്രങ്ങൾ സാക്ഷ്യം. പ്രിയൻ സാറുമായുള്ള സൗഹൃദം അച്ഛന്റെ വളർച്ചയ്ക്ക് വലിയൊരു കാരണമായിട്ടുണ്ട്. അച്ഛനും പ്രിയൻ സാറും തമ്മിൽ വലിയൊരു ആത്മബന്ധമുണ്ടായിരുന്നു. പ്രിയൻ സാറിന്റെ അച്ഛന്റെ കാലം മുതലുള്ള ബന്ധമാണ്. വഴിപാട് കഴിപ്പിക്കാനും മറ്റും വീട്ടിൽ വരുമ്പോൾ അമ്പി മകനെ നന്നായി നോക്കിക്കോളണേ എന്നു പറയാറുണ്ടായിരുന്നു പ്രിയൻ സാറിന്റെ അച്ഛൻ. ആ ഹൃദയബന്ധം പ്രിയനും തുടർന്നു നെല്ലിട തൂക്കം കുറയാതെ. ഇന്ന തിയ്യതിക്ക് പടം തുടങ്ങുന്നു എന്നു വിളിച്ചുപറയുക മാത്രമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ ഉടനെ അച്ഛൻ മദ്രാസ് മെയിലിൽ ചെന്നൈയ്ക്ക് തിരിക്കും. പ്രിയൻ സാറിന്റെ ഒരു പടം തുടങ്ങുകയാണെന്ന് കേട്ടാൽ അച്ഛൻ ക്ഷേത്രങ്ങളിലൊക്കെ പോയി പൂജയും വഴിപാടുകളുമൊക്കെ കഴിക്കും.

സിനിമയുടെ കാര്യത്തിൽ മറ്റാർക്കുമില്ലാത്ത ഒരു രീതിയായിരുന്നു പ്രിയൻ സാറിന്റേത്. ഒരു സിനിമ തുടങ്ങിക്കഴിഞ്ഞാൽ അതിന്റെ വിശദാംശങ്ങൾ മുഴുവൻ സാങ്കേതിക പ്രവർത്തകരുമായും ചർച്ച ചെയ്യും. എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കും. തന്റെ ആവശ്യം ഇവരെയെല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്തും. അക്കാലത്ത് ഷൂട്ടിങ്ങിന് മുൻപ് തന്നെ അച്ഛനെ വിളിച്ച് ചില സിനിമകളൊക്കെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണെന്ന് പറയും. അതനുസരിച്ച് അച്ഛൻ കിഴക്കേക്കോട്ടയിലെ ഒരു വീഡിയോ കടയിൽ പോയി കാസറ്റ് വാടകയ്ക്കെടുത്ത് കാണും. അതുകൊണ്ട് സിനിമയുടെ പ്രിന്റ് എഡിറ്റിങ് മേശയിലെത്തുമ്പൊഴേയ്ക്കും എന്തു ചെയ്യണം എന്നതിനെക്കുറിച്ച് നല്ല ധാരണണ്ടായിരിക്കും അച്ഛന്-അനിൽ പറയുന്നു.

എന്നാൽ, പ്രിയന്റെ കാര്യത്തിൽ ഒരു വലിയ സങ്കടം ബാക്കിയുണ്ടെന്നും പറയുകയാണ് അച്ഛന്റെ പിൻപറ്റി കുറച്ചുകാലം എഡിറ്റിങ്ങിൽ കൈവച്ച അനിൽ. 2008ൽ പ്രകാശ്രാജിനെ നായകനാക്കി പ്രിയൻ കാഞ്ചീവരം ഒരുക്കുമ്പോൾ അച്ഛനെ കണ്ടിരുന്നു. സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. കുറച്ച് ഗൗരവമായി എടുക്കുന്ന സിനിമയാണ്. അതുകൊണ്ട് നന്നായി പ്രയത്നിക്കേണ്ടിവരും. നല്ല തയ്യാറെടുപ്പൊക്കെ വേണം എന്നു പറഞ്ഞാണ് പ്രിയൻ സാർ പോയത്. അതനുസരിച്ച് അച്ഛൻ കുറേ തയ്യാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. എന്നാൽ, അത് വിചാരിച്ചപോലെ നടന്നില്ല. മാർച്ചിൽ അച്ഛൻ രോഗബാധിതനായി. ഒരാഴ്ചയ്ക്കുള്ളിൽ മരിക്കുകയും ചെയ്തു-അനിൽ സങ്കടം മറയ്ക്കാതെ പറഞ്ഞു. പ്രിയദർശന്റെ കരിയറിലെ വേറിട്ട സിനിമയായിരുന്നു കാഞ്ചീവരം. രണ്ട് ദേശീയ അവാർഡുകളും കരസ്ഥമാക്കി ചിത്രം. വെട്ടത്തിൽ ഗോപാലകൃഷ്ണനൊപ്പമുണ്ടായിരുന്നു അരുൺ കുമാർ അരവിന്ദാണ് ഗോപാലകൃഷ്ണന് പകരം കാഞ്ചീവരത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. പിന്നീട് ഹിന്ദി ചിത്രം ആക്രോശ് വരെ പ്രിയന്റെ സ്ഥിരം എഡിറ്റർ എന്ന ഖ്യാതിയും അങ്ങനെ സംവിധായകൻ കൂടിയായ അരുൺകുമാർ അരവിന്ദിന് സ്വന്തമായി.

പ്രിയന്റെ എഡിറ്റർ എന്ന മേൽവിലാസമുറച്ചതോടെ ഗോപാലകൃഷ്നും തിരക്കിന്റെ ഒഴുക്കിൽപ്പെട്ടു. കൃഷ്ണൻ നായരുടെയും വേണു നാഗവള്ളിയുടെയും ശങ്കരൻ നായരുടെയും ലെനിൻ രാജേന്ദ്രന്റെയും രാജീവ് അഞ്ചലിന്റെയും ബാലചന്ദ്ര മേനോന്റെയും ആർ.സുകുമാരന്റെയുമെല്ലാം ചിത്രങ്ങൾ ചെയ്ത് മലയാളത്തിലെ മുൻനിര എഡിറ്റർമാരിൽ ഒരാളായി. ഒപ്പമുണ്ടായിരുന്ന പലരും സിനിമ സംവിധാനം ചെയ്യുകയും നിർമിക്കുകയുമൊക്കെ ചെയ്തിട്ടും സ്വന്തമായി ഒരു സിനിമ എന്നത് വിദൂര സ്വപ്നമായി പോലും മനസ്സിൽ മൊട്ടിരുന്നില്ല അന്ന്. അക്കാലത്ത് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് അച്ഛനോട്. കുറേ കാലമായില്ലെ സാർ സിനിമയിൽ. സാറിനും വേണമെങ്കിൽ ഒരു സിനിമ നിർമിച്ചുകൂടെ. എല്ലാവരുമായി പരിചയമല്ലെ ആരുടെ ഡേറ്റ് വേണമെങ്കിലും കിട്ടില്ലെ. നമുക്ക് അങ്ങനയൊരു യോഗമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ചോദ്യങ്ങൾ കുറേ ആയപ്പോൾ അച്ഛന്റെ ഉള്ളിലും ചെറിയൊരു മോഹം മൊട്ടിട്ടു. ഇങ്ങനെ എഡിറ്റ് ചെയ്തിരുന്നാൽ അതു മാത്രമായി ഒതുങ്ങിപ്പോകും എന്നൊരു തോന്നലും മനസ്സിൽ മുളച്ചു. മുരളി നാഗവള്ളിയുടെയും വേണു നാഗവള്ളിയുടെയും നിർബന്ധം കൂടിയായതോടെ എന്നാൽ, ഒരു കൈ നോക്കാം എന്നായി അച്ഛനും. അക്കാലത്ത് ഒരിക്കൽ അച്ഛൻ ഒരു ജ്യോത്സ്യന്റെ അടുത്തുപോയി. സിനിമ എടുക്കുകയാണെങ്കിൽ അതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതുതന്നെയെന്ന് കവടി നിരത്തി സമർഥിച്ചു ജ്യോത്സ്യ

അപ്പോഴും രണ്ടു മനസ്സായിരുന്നു ഗോപാലകൃഷ്ണന്. പടമെടുക്കാൻ മോഹമുണ്ടെങ്കിലും അത് ഒരുപാട് പണച്ചെലവ് വരുന്നതല്ലെ. അതിനുള്ള പണമൊന്നും എന്റെ കൈയിലില്ല എന്നു പറഞ്ഞാണ് അന്ന് മുരളി നാഗവള്ളിയെ മടക്കി അയക്കാൻ ശ്രമിച്ചത്. സിനിമ എടുക്കാൻ ഇനിയെന്ത് ചെയ്യും എന്ന് അച്ഛൻ ആലോചിച്ചിരിക്കുന്ന സമയത്ത് ആരോ ഇക്കാര്യം ചെന്ന് പ്രിയൻ സാറിനോട് പറഞ്ഞു. ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിട്ടും അമ്പിയണ്ണൻ എന്നോട് പറഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. നിങ്ങൾ തമ്മിലുള്ള ബന്ധം വച്ച് ഇക്കാര്യം പറയുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു അവർ പ്രിയൻ സാറിനോട് മറിച്ചു ചോദിച്ചത്. ഒരിക്കൽ അങ്ങനെ പല കാര്യങ്ങളും പറയുന്ന കൂട്ടത്തിൽ അച്ഛൻ ഇക്കാര്യം എടുത്തിട്ടു. എനിക്കും ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് നീയായിരിക്കും. പ്രിയനെ വിട്ടുള്ള ഒരു കളിക്കും ഞാനില്ല. ഞാൻ സിനിമ ചെയ്യുകയാണെങ്കിൽ നിങ്ങൾ തന്നെ അത് ചെയ്തു തരണം. അല്ലെങ്കിൽ വേണ്ട. ഞാൻ പടമെടുക്കുന്നില്ല. അച്ഛൻ തീർത്തു പറഞ്ഞു. അച്ഛൻ ഇക്കാര്യം വീട്ടിലും പറഞ്ഞിരുന്നു.

സിനിമ ചെയ്യാൻ പ്രിയൻ സാർ സമ്മതിച്ചിരുന്നെങ്കിലും ആര്, എന്ത് എന്ന കാര്യത്തിലൊന്നും ഒരു ധാരണ ആയിരുന്നില്ല. അന്ന് എല്ലാവരും കൂടി പറഞ്ഞു. അമ്പിയണ്ണൻ പടമെടുക്കുന്നുണ്ടെങ്കിൽ അത് പ്രിയൻ-ലാൽ കൂട്ടുകെട്ടിൽ തന്നെയാവട്ടെ എന്ന്. പണമായിരുന്നു പിന്നത്തെ പ്രശ്നം. അത് എങ്ങനെയെങ്കിലും ശരിയാക്കാമെന്ന് സുരേഷ് കുമാറും വേണു നാഗവള്ളിയുമെല്ലാം ഉറപ്പ് കൊടുത്തിരന്നു. അങ്ങനെ മാസം രണ്ട് മൂന്ന് കടന്നുപോയി. റഫ് കട്ടിങ് കഴിഞ്ഞ് പാട്ടൊക്കെ ആയശേഷം പടം ആദ്യം രണ്ട് മൂന്ന് തവണ മൂവിയോളയിലും പിന്നെ ചിത്രാഞ്ജലിയിലെ തിയ്യറ്ററിലിട്ടും കാണുന്ന ഒരു കീഴ്വഴക്കമുണ്ട് പ്രിയൻ സാറിന്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി മോഹൻലാലും അവിടെയെത്തും. അങ്ങനെ രാത്രി ഒരു പത്ത് പതിനൊന്ന് മണിയായിക്കാണും. പാട്ട് കാണാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ചിത്രാഞ്ജലിയുടെ അകത്തെ മുറിയിൽ കട്ടൻ കാപ്പി കുടിച്ച് പേപ്പർ വായിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയൻ സാറാണ് അച്ഛനോട് പോയി മോഹൻലാലിനോട് സംസാരിക്കാൻ പറഞ്ഞത്. മടിച്ചുമടിച്ചാണ് അച്ഛൻ അകത്ത് പോയി കാര്യം പറഞ്ഞത്. തീരുമാമൊന്നുമായില്ല. എങ്കിലും ഒരു സിനിമ നിർമിക്കണമെന്നുണ്ട്. നിങ്ങളുടെ ഫുൾ സപ്പോർട്ടുണ്ടെങ്കിലേ ആ ആഗ്രഹം പൂർത്തിയാവുകയുള്ളൂ എന്ന് പറഞ്ഞൊപ്പിക്കുകയായിരുന്നു അച്ഛൻ. അതിനെന്താ. നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമ്പിയണ്ണനല്ലെ. നമ്മൾ ഇതു ചെയ്യും. ഞാൻ പ്രിയനെ ഇപ്പോൾ തന്നെ വിളിക്കാമല്ലോ എന്നായിരുന്നു ലാലിന്റെ മറുപടി. അമ്പിയണ്ണന് ഒരു പടമെടുക്കണമെന്നുണ്ടല്ലോ എന്ന് ലാൽ പറഞ്ഞപ്പോൾ. അത് നേരത്തെ പറഞ്ഞുറപ്പിച്ചതല്ലെ എന്ന് പ്രിയനും രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി നൽകി. എന്റെ സൈഡ് ഓക്കെയാണ്. ബാക്കിയൊക്കെ പ്രിയൻ നോക്കിക്കൊള്ളണം എന്നു പറഞ്ഞാണ് ലാൽ പടം കാണാൻ എഴുന്നേറ്റത്. ഒരു സ്വപ്നം യാഥാർഥ്യമാവുകയാണല്ലോ. ലാലിന് കൈകൊടുത്ത്, നന്ദി പറഞ്ഞ് മടങ്ങുമ്പോൾ അച്ഛന് സന്തോഷം അടക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നും ഞങ്ങൾക്കും അത് യാഥാർഥ്യമായല്ലോ എന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.-അനിലിന്റെ വാക്കുകളിൽ അന്നത്തെ അമ്പരപ്പ് ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല.

പതിവു തെറ്റിക്കാതെ പിറ്റേന്നു തന്നെ ഗോപാലകൃഷ്ണൻ ജ്യോത്സ്യന്റെ അടുത്തെത്തി. ഇതുതന്നെ സമയമെന്ന് നല്ല നേരം നോക്കി തുടങ്ങിയാൽ വിജയം സുനിശ്ചിതമാണെന്നും കവടിയിൽ തെളിഞ്ഞതോടെ ആത്മവിശ്വാസമായി. ബാനറിന് പേരിടാൻ തിക്കുറിശ്ശിയുടെ അടുത്താണ് അച്ഛൻ പോയത്. കളി ചിരി പറയുന്ന അടുത്ത സുഹൃത്തുക്കളായിരുന്നു അവർ. തിക്കുറിശ്ശി സാറാണ് പ്രസിദ്ധി ക്രിയേഷൻസ് എന്ന് ബാനറിന് പേരിടുന്നത്. ആ പേര് എന്തായാലും നല്ല രാശിയുള്ളതായി. സിനിമയുടെ മറ്റ് കാര്യങ്ങളെല്ലാം മുഴുവനായും പ്രിയൻ സാറിന് വിട്ടുകൊടുക്കുകയായിരു അച്ഛൻ. സുരേഷ്കുമാറായിരുന്നു ഏറ്റവും വലിയ പിന്തുണ നൽകിയത്. ആപ്പുഴയിലെ വിദ്യാ പിക്ചർ പാലസിന്റെ വിശ്വനാഥനാണ് അന്ന് ഞങ്ങളെ സാമ്പത്തികമായി സഹായിച്ചത്. സുരേഷ് കുമാറായിരുന്നു ഇതിനുവേണ്ടിയൊക്കെ ഓടി നടന്നത്.

കഥ എഴുതിത്തുടങ്ങിയപ്പോൾ വലിയ ത്രില്ലിലായിരുന്നു പ്രിയനെന്ന് അച്ഛൻ പറഞ്ഞ ഓർമയുണ്ട് അനിലിന്. മദ്രാസിലും തിരുവനന്തപുരത്തുമൊക്കെ വച്ചായിരുന്നു എഴുത്ത്. വൺ ലൈനൊക്കെ ആയപ്പോൾ അച്ഛനെ വിളിച്ച് കേൾപ്പിച്ചിരുന്നു. അച്ഛനും കഥ നന്നായി ഇഷ്ടപ്പെട്ടു പിന്നെ പെട്ടന്നാണ് കാര്യങ്ങൾ നീങ്ങിയത്. മോഹൻലാലിന്റെ ഡേറ്റും ഷൂട്ടിങ്ങുനുള്ള ഡേറ്റുമൊക്കെ ഉറപ്പിച്ചത് പ്രിയൻ സാറായിരുന്നു. പിന്നെ താരങ്ങളെയും ഉറപ്പിച്ചു. ശോഭനയ്ക്ക് പുറമെ രണ്ട് മൂന്ന് പേരുകൾ കൂടി പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ, മണിച്ചിത്രത്താഴെല്ലം വിജയിച്ച കാലമായിരുന്നല്ലൊ. ലാലും ശോഭനയും തമ്മിൽ നല്ല രാശിപ്പൊരുത്തമുണ്ടെന്നൊരു വിശ്വാസമുണ്ടായിരുന്നു എല്ലാവർക്കും. അങ്ങനെ ശോഭനയെ തന്നെ നായികയായി ഉറപ്പിച്ചു.

മലയാളത്തിന് എക്കാലത്തെയും മികച്ചൊരു ഹിറ്റ് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് മികച്ചൊരു ഛായാഗ്രാഹകനെയും പിൽക്കാലത്ത് അതിലും മികച്ചൊരു സംവിധായകനെയും കൂടിയാണ് തേന്മവിൻ കൊമ്പത്ത് സമ്മാനിച്ചത്. തീർത്തും അവിചാരിതമായാണ് പി.സി.ശ്രീറാമിന്റെ ശിഷ്യനായിരുന്ന കെ.വി. ആനന്ദ് തേന്മാവിൻ കൊമ്പത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. അന്ന് കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനാർഹമായ ഫോട്ടോയുമായി ആനന്ദ് വന്നിരുന്ന കാര്യമൊക്കെ അച്ഛൻ പറയാറുണ്ടായിരുന്നു. തേന്മാവിൻ കൊമ്പത്തിന്റെ ഛായാഗ്രാഹകനാക്കുന്നതിന് മുൻപ് വേണു നാഗവള്ളിയുടെ മോഹൻലാൽ ചിത്രമായ ലാൽ സലാമിൽ ആനന്ദിനെ ഛായാഗ്രാഹകനാക്കി പരീക്ഷണം നടത്തിയതായി ഓർമയുണ്ട്. ആലപ്പുഴയിലായിരുന്നു ലാൽ സലാമിന്റെ ചിത്രീകരണം. അതിന്റെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്യാൻ പ്രിയൻ സാർ സഹായിച്ചിരുന്നു. അതിനുവേണ്ടി അദ്ദേഹം കെ.വി. ആനന്ദിനെ ഉപയോഗിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായാലും തേന്മാവിൻ കൊമ്പത്തിലൂടെ ആനന്ദിന് ദേശീയ അവാർഡ് ലഭിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഇന്ന് ഛായാഗ്രാഹകൻ എന്നതിലുപരി തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറി ആനന്ദ്.

ഓരോ ഘട്ടത്തിലും കഥ കേൾക്കാറുണ്ടായിരുന്നെങ്കിലും അതിലൊന്നും അച്ഛനോ മറ്റാരെങ്കിലുമോ ഇടപെട്ടിരുന്നില്ല. എങ്കിലും ചില അഭിപ്രായങ്ങളൊക്കെ പറയും. ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. അങ്ങനെ വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് വീണ ഒരു വാക്കാണ് പ്രിയൻ സാർ പിടിച്ചെടുത്ത് സിനിമയിൽ ഉപയോഗിച്ചത്. മുദ്ദുഗവു എന്ന തുളു വാക്ക് ഞങ്ങൾ വീട്ടിൽ കുട്ടികളെയൊക്കെ കളിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കായിരുന്നു. അത് കേട്ടപ്പോൾ പ്രിയൻസാറിന് വലിയ കൗതുകമായി. അതിലേറെ ആവേശവും. ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ശോഭനയ്ക്ക് മോഹൻലാലിനെ വട്ടംകറക്കാൻ പറ്റിയ വാക്കാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. എന്തായാലും അതൊരു വലിയ ഹിറ്റായി. ഞങ്ങൾ പോലും അത്ര പ്രതീക്ഷിച്ചിരുന്നില്ല. ആ വാക്ക് സിനിമയിൽ ഉപയോഗിച്ചപ്പോൾ അച്ഛന് വലിയ സന്തോഷമായിരുന്നു. എന്നാൽ, ഇക്കാര്യം സിനിമ ഇറങ്ങുംവരെ ഞങ്ങളോടൊന്നും പറഞ്ഞില്ല. സിനിമ ഇറങ്ങിയപ്പോഴാണ് സസ്പെൻസ് പൊട്ടിച്ചത്. സിനിമയുടെ ഫസ്റ്റ് പ്രിന്റ് ആയശേഷം മാത്രമാണ് അദ്ദേഹം ചെന്നൈയിൽ നിന്ന് വന്നതുതന്നെ. പിന്നെ കന്നഡയുടെ സ്വാധീനത്തിൽ പ്രിയൻ സാർ തന്നെ ഉണ്ടാക്കിയെടുത്ത വാക്കായിരുന്നു ലേലു അല്ലു. അതും ഒരു വലിയ ഹിറ്റായി. ഇന്നും ആൾക്കാർ ഇതൊക്കെ പറഞ്ഞുനടക്കുമ്പോൾ സന്തോഷം തോന്നും.

മുപ്പത് ദിവസത്തോളം പൊള്ളാച്ചിയിലായിരുന്നു ഷൂട്ടിങ്. ഒരു പാട്ടിനോ മറ്റോ വേണ്ടി മാത്രമാണ് ചെന്നൈയിൽ പോയത്. ഞങ്ങൾ എല്ലാവരും ഒരാഴ്ച പൊള്ളാച്ചിയിലുണ്ടായിരുന്നു. നല്ല രസമായിരുന്ന ആ ദിവസങ്ങൾ. ഷൂട്ടിങ് കഴിഞ്ഞാൽ പിന്നെ കളിയും ചിരിയുമാണ് എല്ലാവരും. ഒരു ഉത്സവം പോലെയായിരുന്നു. ലാൽ സാറൊക്കെ മതിവരുവോളം ഞങ്ങളുടെ ഫോട്ടോകളൊക്കെ എടുത്തിരുന്നു. സെറ്റിൽ ഒരു വലിയ നടനാണെന്ന യാതൊരു ഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പ്രൊഡക്ഷൻ ബോയ്സ് അടക്കം സെറ്റിലുള്ള എല്ലാവർക്കും ഭക്ഷണം കിട്ടിയോ എന്നൊക്കെ അന്വേഷിക്കും. ഇനി വരുമ്പോൾ കണ്ണിമാങ്ങാ അച്ചാറൊക്കെ കൊണ്ടുവരണമെന്ന് പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയത്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞപ്പോൾ ശക്തി ഹോട്ടലിൽ വച്ച് എല്ലാവർക്കും വിരുന്ന് കൊടുത്ത ഒരോർമയുണ്ട്. ഇതുവരെ ഒരു സെറ്റിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല എന്നായിരുന്നു തമിഴന്മാരായ പ്രൊഡക്ഷൻ ജോലിക്കാർ പറഞ്ഞത്.

ഷൂട്ടിങ് കഴിഞ്ഞാൽ പിന്നെ എല്ലാവരും സീരിയസാവും. ഒരു പാട്ട് സീൻ കാലത്ത് തുടങ്ങി ഉച്ചയ്ക്ക് തീർത്ത അനുഭവം വരെയുണ്ട്. അത്ഭുതത്തോടെയാണ് ഞങ്ങൾ അതൊക്കെ നോക്കിനിന്നത്. നാട്ടിലേയ്ക്ക് മടങ്ങിയതിനാൽ പിന്നീടുള്ള ചിത്രീകരണമൊന്നും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. വെളുപ്പിന് ആറു മണി മുതൽ രാത്രി വൈകും വരെയൊക്കെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഇതൊക്കെ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു അച്ഛന്റെ പക്ഷം. പിന്നെ ആ സീനുകൾ, പ്രത്യേകിച്ച് പാട്ടുസീനുകളൊക്കെ കാണുമ്പോൾ അതിന്റെ ഷൂട്ടിങ് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു.

പടം ഇത്ര വലിയ ഹിറ്റാകുമോ എന്നൊന്നും അന്ന് അച്ഛൻ ചിന്തിച്ചിരുന്നില്ല. പടം നന്നായി വരും, കുടുംബ പ്രേക്ഷകർക്ക് നന്നായി ഇഷ്ടപ്പെടും എന്നൊക്കെയായിരുന്നു അന്ന് അച്ഛൻ വീട്ടിൽ വരുമ്പോൾ പറഞ്ഞിരുന്നത്. ആ കാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ആ ഒരു നിർബന്ധം മാത്രമായിരുന്നു അച്ഛന് ഉണ്ടായിരുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ കൂടിയാണ് തേന്മാവിൻ കൊമ്പത്ത് സമ്മാനിച്ചത്. ഈ പാട്ടുകൾക്ക് വേണ്ടി ഒരുപാട് സമയം ചെലവഴിച്ചിരുന്നുവെന്ന് അനിൽ പറയുന്നു. പ്രിയദർശനും ഗിരീഷ് പുത്തഞ്ചേരിയും ബേണി ഇഗ്നേഷ്യസും എം.ജി. ശ്രീകുമാറുമെല്ലാം പാട്ടുകൾക്ക് വേണ്ടി ഒരുപാട് ദിവസങ്ങൾ കഷ്ടപ്പെട്ടിരുന്നു. ഒരുപാട് സമയമെടുത്താണ് പാട്ടുകൾ പലതും ചിത്രീകരിച്ചതും. ഒരു പത്ത്, ഇരുപത് ഈണങ്ങളെല്ലാം പരീക്ഷിച്ചിട്ടുണ്ടെന്നാണ് അന്ന് പറഞ്ഞുകേട്ടത്. അതിന്റെയൊക്കെ ഗുണമല്ലെ ആ പാട്ടുകളിൽ കാണുന്നത്.

പാട്ടിനെ കുറിച്ചു മാത്രമല്ല, സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആളായിരുന്നു പ്രിയൻ സർ. എല്ലാ കാര്യവും നന്നായി പഠിക്കും. എന്ത് പുതിയ കാര്യം കണ്ടാലും ഉടനെ അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദ്ധരെ വിളിച്ച് സംസാരിക്കും. ഛായാഗ്രാഹകരോടും എഡിറ്ററോടുമെല്ലാം ഓരോ പുതിയ സിനിമകൾ കണ്ട് പഠിച്ച് മനസ്സിലാക്കാൻ ഉപദേശിക്കും. ക്യാമറകളെക്കുറിച്ചൊക്കെ നന്നായി പഠിച്ചിട്ടുണ്ട്. ഒരുപാട് പുസ്തകങ്ങളൊക്കെ സ്വന്തമായുണ്ട്.-അനിൽ പറയുന്നു.

തേന്മാവിൻ കൊമ്പത്തിന് മലയാളത്തിന്റെ ബോക്സ് ഓഫീസിന്റെ ചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനമുണ്ട്. എന്നാൽ, തന്റെ കന്നി നിർമാണ സംരംഭം ചരിത്രം കുറിക്കുമെന്ന ധാരണയൊന്നും ഗോപാലകൃഷ്ണന് ഉണ്ടായിരുന്നില്ല. സിനിമ നന്നായി വരും എന്നായിരുന്നു അച്ഛൻ പറയാറുണ്ടായിരുന്നതെന്ന് ഓർക്കുകയാണ് അനിൽ. ഒരു അമ്പത് ദിവസം ഉറപ്പായും പടം ഓടും. അത്ര നന്നായാണ് ലാലൊക്കെ അഭിനയിച്ചത്. ചില സീനുകളൊക്കെ അദ്ദേഹം തന്നെ ഇംപ്രോവൈസ് ചെയ്തിട്ടുണ്ട്. മരത്തിൽ കെട്ടിയിടുന്ന സീനിലും കാളവണ്ടിയിൽ ശോഭനയുമായുള്ള തർക്കത്തിലമെല്ലാം ലാലിന്റെ സംഭാവന ഉണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രിയൻ ഒരുപാട് റിസ്ക്കെടുത്തു, സ്വന്തം സിനിമ പോലെയാണ് ചെയ്തത്. ആർട്ടിസ്റ്റുകളൊക്കെ നന്നായി സഹകരിച്ചു എന്നൊക്കെയായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഞാൻ ഇവർക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തതായി എനിക്ക് അറിയില്ല. എന്നൊക്കെയായിരുന്നു അച്ഛൻ പറയാറുണ്ടായിരുന്നത്. പടം നൂറ് ദിവസമായപ്പോൾ അച്ഛന് സന്തോഷം അടക്കാൻ കഴിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ എഡിറ്റിങ് സമയത്ത് ചില പാട്ടുകളൊക്കെ കണ്ടിരുന്നെങ്കിലും റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങൾ തിരുവനന്തപുരം അജന്തയിൽ പോയി കണ്ടത്. ഞങ്ങൾ പതിനാല് പേർ ഒന്നിച്ചാണ് പോയത്. കണ്ടു കഴിഞ്ഞപ്പോൾ രോമാഞ്ചമായിരുന്നു. നമുക്ക് കിട്ടിയ ഒരു വരദാനമാണെന്നായിരുന്നു അന്ന് അച്ഛൻ പറഞ്ഞത്. ഇത്രയും കാലം ചെയ്ത ജോലിയുടെ പുണ്യമാണെന്നായിരുന്നു അന്ന് പലരും അച്ഛനോട് പറഞ്ഞത്.

സ്വന്തം സിനിമയായത് കൊണ്ട് കുറച്ച് കൂടുതൽ ടെൻഷനുണ്ടായിരുന്നു അച്ഛന്. പ്രൊഡക്ഷന്റെ കാര്യത്തിലായിരുന്നു കൂടുതൽ ടെൻഷൻ. എന്നാൽ, എഡിറ്റിങ് തുടങ്ങിക്കഴിഞ്ഞപ്പോൾ എല്ലാം പ്രൊഡക്ഷൻ എക്സിക്യുട്ടീവായ സച്ചിയെ ഏൽപിച്ചു. എഡിറ്റിങ്ങിൽ പ്രിയൻ സർ അച്ഛന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഓരോ ഫ്രെയിമും എഡിറ്റ് ചെയ്യുമ്പോൾ പ്രിയൻ സർ കൂടെണ്ടായിരുന്നു. എന്തെങ്കിലും പോരായ്മ ശ്രദ്ധയിൽപ്പെട്ടാൽ വീണ്ടും ഷൂട്ട് ചെയ്യും. ചില ഡയലോഗുകളൊക്കെ അങ്ങനെ സംതൃപ്തി ഉണ്ടാവുന്നതു വരെ എടുത്തിരുന്നു. അപാരമായ ഓർമശക്തിയായിരുന്നു പ്രിയൻ സാറിന്. എടുക്കുന്ന ഓരോ ഷോട്ടും ഓരോ സീനും ഹൃദിസ്ഥമാണ്. പുസ്തകം നോക്കിയിട്ട് എന്ന പോലെ ഓരോ ഷോട്ടും എപ്പോൾ വേണം എന്ന് ഓർമയിൽ നിന്നെടുത്ത് പറയും. കണ്ടിന്യുറ്റി ഷോട്ടിൽ വേഷം ഒന്ന് മാറിപ്പോയാൽ പെട്ടന്നു തന്നെ അദ്ദേഹം കണ്ടുപിടിക്കുമായിരുന്നു. മാറ്റിയെടുക്കുകയും ചെയ്യും. നാൽപത് ദിവസമായിരുന്നു ചിത്രീകരണം. പന്ത്രണ്ട് ദിവസം കൊണ്ട് റഫ് കട്ടിങ് കഴിഞ്ഞു. ദിവസവും പത്ത് മണിക്കൂറാണ് ഇവർ ജോലി ചെയ്തിരുന്നത്. ഒന്നര മാസത്തോളമെടുത്തു എഡിറ്റിങ്.

തേന്മാവിൻ കൊമ്പത്ത് സൂപ്പർഹിറ്റായപ്പോൾ സന്തോഷം മാത്രമല്ല, ഒരു വലിയ പ്രശ്നം കൂടി ഗോപാലകൃഷ്ണനെ തേടിയെത്തി. നൂറാം ദിനാഘോഷച്ചടങ്ങിൽ വന്നുകൊണ്ട് കൈകൊടുത്തവർക്കൊക്കെ അറിയാനുണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം. അടുത്ത പ്രിയൻ-ലാൽ ചിത്രം എന്നാണ്. എല്ലാറ്റിനും പതിവ് മൗനം മാത്രമായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. ഇതേ ബാനറിൽ പ്രിയനെയും മോഹൻലാലിനെയും വച്ച് പടം ചെയ്യാൻ സാമ്പത്തിക സഹായം ചെയ്യാമെന്ന വാഗ്ദാനവുമായി മദ്രാസിൽ നിന്നെല്ലാം നിരന്തരം ഫോൺവിളി വരുമായിരുന്നു. എല്ലാവരോടും ഒരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ അച്ഛന്. പ്രിയനുമായി ആലോചിക്കാതെ ഇനി ഒന്നും ഞാൻ ഏറ്റെടുക്കില്ല. ഞാൻ എന്റെ എഡിറ്റിങ് ജോലിയിലേയ്ക്ക് തന്നെ തിരിച്ചുപോവുകയാണെന്നാണ് എല്ലാവരോടും പറഞ്ഞത്. വീണ്ടുമൊരു പടമെടുക്കുക എന്നാൽ എളുപ്പായിരുന്നില്ലെന്ന് ഓർക്കുകയാണ് അനിൽ. തേന്മാവിൻ കൊമ്പത്തിനുവേണ്ടി വാങ്ങിയ പണമൊക്കെ കൃത്യമായി കൊടുത്തുതീർക്കാനായി. അത് ഹിറ്റായതുകൊണ്ട് പണം തരാനൊക്കെ ധാരാളം ആൾക്കാർ ഉണ്ടായിരുന്നു.

മോഹൻലാലിനെ വച്ച് പടമെടുക്കാനൊക്കെ വലിയ സമ്മർദവുമുണ്ടായിരുന്നു. അഞ്ചോ പത്തോ നിർമാതാക്കൾ അന്ന് വീട്ടിൽ വന്നിരുന്നു. എത്ര പണം വേണമെങ്കിലും തയ്യാറാണെന്നായിരുന്നു അവർ പറഞ്ഞത്. ബ്ലാങ്ക് ചെക്ക് ഒപ്പിട്ടവർ തന്നെയുണ്ടായിരുന്നു. ആർക്കു വേണമെങ്കിലും അഡ്വാൻസ് കൊടുത്തോളു. വിതരണം ഞങ്ങൾ ചെയ്തോളാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ, എല്ലാവരെയും സ്നേഹപൂർവം തന്നെ മടക്കുകയായിരുന്നു അച്ഛൻ. ഇതിന്റെയൊക്കെ അപകടം അച്ഛന് നന്നായി അറിയാമായിരുന്നു. നെഗറ്റീവൊക്കെ പണയം വച്ചാണ് അക്കാലത്ത് ആളുകൾ പണം വാങ്ങിയിരുന്നത്. ഈ പണമൊക്കെ മാർവാഡികൾക്ക് പലിശ സഹിതം കൊടുത്തുതീർക്കുക എന്നത് ചെറിയ കാര്യമല്ലെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ നല്ല ബോധ്യമുണ്ടായിരുന്നു അച്ഛന്. അത് കൊടുത്തുതീർത്തില്ലെങ്കിൽ പടമിറക്കാൻ അവർ സമ്മതിക്കില്ല.

മനസ്സിൽ വീണ്ടുമൊരു പടമെടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുവേണ്ടി പിന്നെ ശ്രമിച്ചില്ല. ജോഷി, ഷാജി കൈലാസ്, സിബി മലയിൽ തുടങ്ങിയ അഞ്ചോളം സംവിധായകർ അന്ന് വീണ്ടും പടമെടുക്കണമെന്ന് അച്ഛനോട് പറഞ്ഞിരുന്നു. എന്നാൽ, തേന്മാവിൻ കൊമ്പത്ത് ഹിറ്റായതോടെ പ്രിയൻ സാറിനും അച്ഛനുമെല്ലാം തെലുങ്കിലും മറ്റ് ഭാഷകളിലും കൂടി തിരക്കായി. എങ്കിലും ഒരു സിനിമ കൂടി എടുക്കണമെന്ന് പ്രിയൻ സാറും അച്ഛനും സംസാരിച്ചിരുന്നു. എന്നാൽ, അപ്പൊഴേക്കും മോഹൻലാൽ മറ്റ് സിനിമകളുടെ തിരക്കിലായിപ്പോയി. ലാൽ ഉണ്ടെങ്കിൽ മാത്രം ഇനി സിനിമ എടുത്താൽ മതി എന്ന നിലപാടിലായിരുന്നു ഇവർ. എങ്കിലും അവസാനം വരെ ഒരു സിനിമ കൂടി ചെയ്യാൻ കഴിയാതിരുന്നതിന്റെ സങ്കടമുണ്ടായിരുന്നു അച്ഛന്. പേരെടുത്ത നിർമാതാവാണെങ്കിലും ഒരു എഡിറ്റർ എന്ന് അറിയപ്പെടാനായിരുന്നു അച്ഛന് എന്നും ആഗ്രഹം. വീട്ടിൽ ഒരു എഡിറ്റിങ് സ്യൂട്ടൊക്കെ ഇടണമെന്നായിരുന്നു മോഹം. അതിനുവേണ്ടിയുള്ള ചർച്ചകളൊക്കെ നടത്തിയിരുന്നു. പ്രിയൻലാൽ ടീമിനൊപ്പമുള്ള രണ്ടാമത്തെ സിനിമ പോലെ തന്നെ അമ്മയുടെ ഓർമയ്ക്കായി സീതാഭവനം എന്നു പേരിടാനാവാതെ പോയ ആ വീട്ടിലെ എഡിറ്റിങ് സ്യൂട്ടും നടക്കാത്ത സ്വപ്നമായി അവശേഷിച്ചു.

Leave a Reply

Close Menu